Headlines

‘രാഹുൽ മാങ്കൂട്ടത്തിലിനെ ആരും പ്രൊട്ടക്ട് ചെയ്യില്ല, കുറ്റം ചെയ്തവർ ശിക്ഷ അനുഭവിക്കണം’; രാജ്‌മോഹൻ ഉണ്ണിത്താൻ എം പി

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതികരണവുമായി രാജ്മോഹൻ ഉണ്ണിത്താൻ എം പി. രാഹുലിനെ ആരും പ്രൊട്ടക്ട് ചെയ്യില്ല. കോൺഗ്രസ് പാർട്ടിയുടെ നിലപാട് വ്യക്തമാക്കി. കുറ്റം ചെയ്തവർ ശിക്ഷ അനുഭവിക്കണമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.

ക്രൈം ബ്രാഞ്ച് കേസടുത്തല്ലോ? സത്യം പുറത്തു വരട്ടെ. രാഹുൽ വിഷയത്തിൽ കോൺഗ്രസ് ഇനി മറുപടി പറയേണ്ടതില്ല. കുറിയേടത്ത് ധാത്രി കുട്ടിയുടെ സ്മാർത്ത വിചാരം ആണ് ഇപ്പോൾ നടക്കുന്നത്. എല്ലാവർക്കും ചെയ്ത പാപങ്ങളിൽ പങ്കുണ്ട്. നിയമപരമായി മുന്നോട്ട് പോകട്ടെയെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എം പി പറഞ്ഞു.

ആഗോള അയ്യപ്പ സംഗമത്തെയും രാജ്‌മോഹൻ ഉണ്ണിത്താൻ വിമർശിച്ചു. സംസ്ഥാന സർക്കാരിന് ദുരുദ്ദേശമാണ്. അയ്യപ്പ സംഗമം നടത്തുന്നതിന് പിന്നിൽ എന്തെന്ന് സർക്കാർ വ്യക്തമാക്കണം. വൈരുദ്ധ്യാത്മക ഭൗതികവാദം പിന്തുടരുന്നവർ എങ്ങനെയാണ് ആഗോള അയ്യപ്പ സംഗമം നടത്തുക. ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിൽക്കണം.

സുപ്രീംകോടതി വിധിയുടെ പിന്നാലെ യുവതികളെ ശബരിമലയിൽ എത്തിക്കാൻ പദ്ധതി ഇട്ടവരാണ് അയ്യപ്പ സംഗമത്തിന് നേതൃത്വം നൽകുന്നത്. പശ്ചാത്താപം ആണെങ്കിൽ പോലും വിശ്വാസികളെ കാര്യങ്ങൾ ബോധ്യപ്പെടുത്തണമെന്നാണ് തന്റെ നിലപാടെന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു.