നെഹ്‌റു ട്രോഫി വള്ളംകളിയിലെ രണ്ടാം സ്ഥാനം ഉള്‍പ്പടെയുള്ള ഫലപ്രഖ്യാപനം വൈകുന്നതിനെതിരെ ബോട്ട് ക്ലബ്ബുകള്‍. രണ്ടാം സ്ഥാനത്തെത്തിയ പുന്നമട ബോട്ട് ക്ലബ്ബ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ പരാതിയെ തുടര്‍ന്നാണ് ഫല പ്രഖ്യാപനം തടഞ്ഞത്. മുഴുവന്‍ പരാതികളും ഓണത്തിനു ശേഷം തീര്‍പ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ചില ചുണ്ടന്‍ വള്ളങ്ങളെ കുറിച്ച് ലഭിച്ച പരാതികളാണ് ഔദ്യോഗിക ഫല പ്രഖ്യാപനത്തിന് വെല്ലുവിളി. അനുവദനീയമായതില്‍ അധികം ഇതര സംസ്ഥാന തുഴച്ചിലുകാരെ ഉപയോഗിച്ചതായാണ് പ്രധാന ആരോപണം. തടിത്തുഴ, ഫൈബര്‍ തുഴ എന്നിവ ചട്ടവിരുദ്ധമായി ഉപയോഗിച്ചെന്നും പരാതിയുണ്ട്.
മൂന്നാം സ്ഥാനത്തെത്തിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് ഉള്‍പ്പടെ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.പത്തിലേറെ പരാതികളാണ് ഇതുവരെ ജില്ലാ ഭരണകൂടത്തിന് മുന്നിലെത്തിയത്. പരാതികള്‍ തീര്‍പ്പാക്കി ഓണത്തിനു ശേഷം ഫലപ്രഖ്യാപനമെന്ന് ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് 24നോട് പറഞ്ഞു. ഫല പ്രഖ്യാപനം വൈകുന്നത് നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിനേയും ബാധിച്ചേക്കും.