Headlines

‘ഒരു ഏകപക്ഷീയ വ്യാപാര ദുരന്തം, ഞങ്ങള്‍ ഇന്ത്യയുമായല്ല, ഇന്ത്യ ഞങ്ങളുമായാണ് കച്ചവടം നടത്തിയത്’; അവകാശവാദവുമായി ട്രംപ്

പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനേയും റഷ്യന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയേയും സന്ദര്‍ശിച്ച് മണിക്കൂറുകള്‍ക്ക് പിന്നാലെ ഇന്ത്യയെ പരിഹസിച്ച് ഡോണള്‍ഡ് ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റ്. തങ്ങള്‍ ഇന്ത്യയുമായല്ല ഇന്ത്യ തങ്ങളുമായാണ് കച്ചവടം നടത്തുന്നതെന്നാണ് ട്രംപിന്റെ അവകാശവാദം. ഇന്ത്യയുമായുള്ള അമേരിക്കയുടെ വ്യാപാര ബന്ധം ഏകപക്ഷീയമായിരുന്നുവെന്നും തങ്ങളില്‍ നിന്നും കടുത്ത നികുതിയാണ് ഇത്രയും കാലം ഇന്ത്യ ഈടാക്കിയതെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഇന്ത്യ എണ്ണയും ആയുധവും വാങ്ങുന്നത് റഷ്യയില്‍ നിന്നാണെന്ന വിമര്‍ശനം ട്രംപ് ആവര്‍ത്തിച്ചു.

പൂജ്യം നികുതിയില്‍ ഇറക്കുമതി ചെയ്യാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തുവെന്നും പക്ഷേ ഇപ്പോള്‍ വൈകിപ്പോയെന്നുമാണ് ട്രംപ് അവകാശപ്പെടുന്നത്. ഇന്ത്യയ്ക്ക് ചുമത്തിയ കനത്ത ഇറക്കുമതി ചുങ്കത്തിന്റെ പേരില്‍ ഡെമോക്രാറ്റുകളില്‍ നിന്ന് രൂക്ഷ വിമര്‍ശനം നേരിട്ടതിന് പിന്നാലെയാണ് ന്യായീകരണവുമായി ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് രംഗത്തെത്തിയത്.

ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തെ ഏകപക്ഷീയമായ ഒരു ദുരന്തമെന്നാണ് ട്രംപ് പോസ്റ്റില്‍ പരാമര്‍ശിച്ചത്. തങ്ങള്‍ക്ക് ഇന്ത്യയുമായുള്ളത് വളരെ ശുഷ്‌കമായ വ്യാപാരങ്ങള്‍ മാത്രമാണ്. എന്നാല്‍ ഇന്ത്യയ്ക്ക് തങ്ങളുമായി നിരവധി വ്യാപാരങ്ങളുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ തങ്ങളാണ് ഇന്ത്യയുടെ ഏറ്റവും വലിയ ക്ലൈന്റെന്നും ഇന്ത്യ തങ്ങള്‍ക്ക് ഒരുപാട് ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു. പതിറ്റാണ്ടുകളായി ഈ ബന്ധം ഇങ്ങനെ തന്നെയാണെന്നും ഇതൊരു ഏകപക്ഷീയ ബന്ധമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.