കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ജമ്മുകശ്മീരില്‍ എത്തും. സംസ്ഥാനത്തെ പ്രളയ സാഹചര്യങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും നേരിട്ട് വിലയിരുത്തുന്നതിനായാണ് ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനം. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അമിത്ഷാ ജമ്മു കശ്മീരില്‍ എത്തുന്നത്. ഇന്ന് ഉച്ചയോടെ അദ്ദേഹം സംസ്ഥാനത്ത് എത്തുമെന്നാണ് ആഭ്യന്തര മന്ത്രാലയം നല്‍കുന്ന വിവരം.
ജമ്മുകശ്മീര്‍ രാജ്ഭവനില്‍ ആഭ്യന്തരമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതല യോഗം ചേരും. ജമ്മുകശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാനത്തെ പ്രളയബാധിത മേഖലകളില്‍ ആഭ്യന്തര മന്ത്രി ഹെലികോപ്റ്ററില്‍ നിരീക്ഷണം നടത്തും.
അതേസമയം, മേഘവിസ്‌ഫോടനവും മണ്ണിടിച്ചിലും നാശനഷ്ടം വിതച്ച ജമ്മു കാശ്മീരിലും ഹിമാചലിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ജമ്മു കാശ്മീരിലെ റംബാനിലും റിയാസിയിലും ഉണ്ടായ മണ്ണിടിച്ചിലും മേഘവിസ്‌ഫോടനത്തിലുമായി പന്ത്രണ്ട് പേരാണ് മരിച്ചത്. കാണാതായവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാണ്.
ജമ്മു കാശ്മീരില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കാന്‍ രണ്ട് പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ജമ്മു കാശ്മീരില്‍ നിന്ന് ഡല്‍ഹിയിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹിമാചല്‍ പ്രദേശില്‍ ഉണ്ടായ മഴക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.