കഴിഞ്ഞ തവണ കപ്പ് കൈവിട്ടത് മൈക്രോ സെക്കൻഡിൽ; വീയപുരത്തിന്റെ രാജകീയ തിരിച്ചുവരവ്

മൈക്രോ സെക്കന്റിന്റെ ഇടവേളയിൽ വീണ കണ്ണീരിനൊരാണ്ടിനിപ്പുറം പകരം വീട്ടി വീയപുരം ചുണ്ടൻ. 71-മത് നെഹ്റു ട്രോഫിയിൽ‌ മുത്തമിട്ട് വീയപുരം ചുണ്ടൻ. കഴിഞ്ഞതവണ മൈക്രോ സെക്കന്റുകളുടെ വ്യത്യാസത്തിൽ കൈവിട്ട കപ്പ് ആണ് വില്ലേജ് ബോട്ട് ക്ലബ് കൈനകരി തിരിച്ചുപിടിച്ചത്

1986, 87 വർഷങ്ങളിൽ നെഹ്റു ട്രോഫി നേടിയ വീയപുരം, 1988നു ശേഷം മത്സര രംഗത്തു നിന്നു പിന്മാറി. 2022ൽ തിരിച്ചെത്തിയതിന് ശേഷം, കപ്പിന് വേണ്ടിയുള്ള കാത്തിരിപ്പിന് 2025-ൽ വിരാമം. പുന്നടമക്കായലിൽ ആവേശത്തിരയിളകിയ പോരാട്ടത്തിനൊടുവിലാണ് വില്ലേജ് ബോട്ട് ക്ലബ് കൈനകരിയുടെ വീയപുരം ചുണ്ടൻ നെഹ്റു ട്രോഫിയിൽ ജലരാജാവ് ആയത്.

പുന്നമട ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടനും പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മേൽപ്പാടം ചുണ്ടനും നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടനുമാണ് വീയപുരത്തിനൊപ്പം ഫൈനലിൽ തുഴയെറിഞ്ഞത്. വിബിസിയുടെ മൂന്നാം കിരീടമാണ്. സെക്കൻഡുകളുടെ വ്യത്യാസത്തിൽ നടുഭാഗം (പുന്നമട ബോട്ട് ക്ലബ്) ആണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് മേൽപ്പാടം (പള്ളാതുരുത്തി ബോട്ട് ക്ലബ്). നിരണം (നിരണം ബോട്ട് ക്ലബ്) ആണ് നാലാമത്. 21 ചുണ്ടൻ വള്ളങ്ങൾ അടക്കം 75 വള്ളങ്ങളാണ് മത്സരത്തിനിറങ്ങിയത്.