കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിലുണ്ടായ സ്ഫോടനത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്. ഉത്സവത്തിന് ഉപയോഗിക്കുന്ന ഗുണ്ട് പോലുള്ള സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയതെന്ന് സിറ്റി പൊലീസ് കമ്മീഷണർ പി നിധിൻ രാജ് പറഞ്ഞു. ചാലാട് സ്വദേശി മുഹമ്മദ് ആഷാമാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു
ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള, വാടകയ്ക്ക് നൽകിയ വീട്ടിലാണ് സ്ഫോടനമുണ്ടായത്.
സംഭവത്തിൽ അനൂപ് മാലിക് എന്നയാൾക്കെതിരെ സ്ഫോടക വസ്തു നിയമ പ്രകാരം പൊലീസ് കേസെടുത്തു. 2016ൽ പുഴാതിയിലെ വീട്ടിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച കേസിലെ പ്രതിയാണ് അനൂപ്. ഒരുവർഷത്തിന് മുൻപാണ് അനൂപിന് വീട് വാടകയ്ക്ക് നൽകിയതെന്ന് വീട്ടുടമയുടെ ഭാര്യ ദേവി ട്വന്റിഫോറിനോട് പറഞ്ഞു.
പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. പൊട്ടിത്തെറിയുടെ വലിയ ശബ്ദം കേട്ട് നാട്ടുകാര്‍ എത്തുമ്പോള്‍ വീട് തകര്‍ന്ന നിലയിലായിരുന്നു.ഫയര്‍ ഫോഴ്‌സും ഡോഗ് സ്‌ക്വാഡും വീട്ടിലും പരിസരത്തും പരിശോധനകള്‍ നടത്തിവരുന്നുണ്ട്.
വീട്ടില്‍ ഇരുചക്രവാഹനങ്ങളില്‍ ആളുകള്‍ വന്നുപോകുന്നതായി കാണാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. വീട്ടില്‍ താമസിക്കുന്ന ആളെക്കുറിച്ച് പ്രദേശവാസികള്‍ക്ക് അധികമൊന്നും അറിയില്ല. വീടിന്റെ ജനലുകളും വാതിലുകളുമെല്ലാം തകര്‍ന്ന നിലയിലാണ്. വീടിന്റെ ഒരു ചെറിയ ഭാഗം ഒഴികെ മറ്റെല്ലാം തകര്‍ന്നു.