Headlines

ആചാരങ്ങൾ പാലിക്കപ്പെടേണ്ട സ്ഥലമാണ് ശബരിമല; ആഗോള അയ്യപ്പ സംഗമത്തിൽ സർക്കാരിനെതിരെ യോഗക്ഷേമസഭ

ആഗോള അയ്യപ്പ സംഗമത്തിൽ സർക്കാരിനെതിരെ യോഗക്ഷേമസഭ. സാമ്പത്തിക ലാഭത്തിനോ ഇലക്ഷൻ സ്റ്റണ്ടോ ആണെന്ന് സംശയിക്കുന്നതായി യോഗക്ഷേമസഭ പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരി പറഞ്ഞു.

ശബരിമലയെ വീണ്ടും വിവാദ വിഷയം ആക്കരുത്. പമ്പയിലെ സംഗമത്തിൽ ആശങ്കയുണ്ട്. ആചാരങ്ങൾ പാലിക്കപ്പെടേണ്ട സ്ഥലമാണ് ശബരിമല. തെറ്റിദ്ധാരണ ഒഴിവാക്കി കാര്യങ്ങൾ സുതാര്യമാക്കണമെന്നും അക്കീരമൺ കാളിദാസ ഭട്ടതിരി ആവശ്യപ്പെട്ടു.

ആഗോള അയ്യപ്പ സംഗമത്തിന് പൂർണ്ണ പിന്തുണയെന്ന് എൻഎസ്എസ് അറിയിച്ചു. അയ്യപ്പസംഗമം നടത്തുന്ന സംസ്ഥാന സര്‍ക്കാര്‍ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ മുന്‍പന്തിയില്‍നില്‍ക്കുമെന്നാണ് തങ്ങളുടെ വിശ്വാസമെന്ന് എൻഎസ്എസ് വൈസ് പ്രസിഡന്റ് എൻ. സംഗീത് കുമാർ. നായര്‍ സര്‍വീസ് സൊസൈറ്റിക്ക് സര്‍ക്കാരില്‍ പൂര്‍ണവിശ്വാസമാണ്. അത് നിലനിര്‍ത്തിക്കൊണ്ട് പോകുന്നതിലും ആഗോള അയ്യപ്പ സംഗമം നടത്തുന്നതിലും ഞങ്ങള്‍ൾക്ക് യാതൊരു അഭിപ്രായ വ്യത്യാസമില്ല.

അടുത്ത മാസം 20 മുതൽ ശബരിമലയിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് പൂർണ്ണ പിന്തുണ നൽകും. അയ്യപ്പ സംഗമത്തിന് വേണ്ട എല്ലാ കാര്യങ്ങൾക്കും സർക്കാരിനെ എൻഎസ്എസ് പിന്തുണയ്ക്കും. ഇടതുപക്ഷ സർക്കാർ ശബരിമല ആചാരങ്ങളെ സംരക്ഷിക്കുമെന്ന് എൻഎസ്എസ് വൈസ് പ്രസിഡന്റ് എൻ. സംഗീത് കുമാർ പറഞ്ഞു.

അയ്യപ്പ സംഗമം ശബരിമലയുടെ വികസനം ലക്ഷ്യമിട്ടുള്ളതാണ്. ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരെ ഒരു വേദിയിൽ എത്തിക്കുക എന്നതാണ് സംഗമത്തിൻ്റെ ലക്ഷൃം. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏകദേശം മൂവായിരത്തിൽ അധികം പ്രതിനിധികൾ പങ്കെടുക്കും. സംഗമത്തിനെത്തുന്ന ഭക്തർക്ക് വേണ്ടി പമ്പയിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കുമെന്നും എൻഎസ്എസ് അറിയിച്ചു.