ലൈംഗിക ആരോപണ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ കേസില്‍ ക്രൈംബ്രാഞ്ച് ഇന്ന് മൊഴി രേഖപ്പെടുത്തല്‍ നടപടികളിലേക്ക് കടന്നേക്കും. അനുഭവങ്ങള്‍ തുറന്നു പറഞ്ഞ റിനി ആന്‍ ജോര്‍ജ്, അവന്തിക, ഹണി ഭാസ്‌കരന്‍ എന്നിവരുടെ മൊഴി ആദ്യഘട്ടത്തിലെടുക്കും. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിനുകുമാര്‍ ഇന്നലെ പരാതിയുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലുള്ള ചില പരാതികള്‍ മാത്രമാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ മുന്നിലുള്ളത്. രണ്ട് ദിവസത്തിനകം അന്വേഷണസംഘത്തെ പ്രഖ്യാപിക്കും. ക്രൈംബ്രാഞ്ചിന്റെ ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷ് അന്വേഷണത്തിന് നേരിട്ട് മേല്‍നോട്ടം വഹിക്കുമെന്നാണ് വിവരം.
സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ തിരുവനന്തപുരം റേഞ്ച് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ബിനുകുമാര്‍ ഇന്നലെ തന്നെ പരാതിയുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. രണ്ട് ദിവസത്തിനകം മുഴുവന്‍ ടീമംഗങ്ങളെയും പ്രഖ്യാപിക്കും. എംഎല്‍എയുടെ മോശം പെരുമാറ്റത്തിന് ഇരയായ സ്ത്രീകള്‍ നേരിട്ട് പരാതി നല്‍കാത്തത് കേസിനെ ദുര്‍ബലപ്പെടുത്തുമെന്ന വിലയിരുത്തലിന്‌റെ അടിസ്ഥാനത്തിലാണ് അനുഭവങ്ങള്‍ തുറന്നുപറഞ്ഞവരുടെ മൊഴി വേഗത്തിലെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നത്.