Headlines

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; വിദഗ്ധ ചികിത്സക്കായി ഡോക്ടര്‍ തന്നെ പണം നൽകിയെന്ന് ബന്ധു, സംഭവത്തിൽ റിപ്പോര്‍ട്ട് തേടി ഡിഎംഒ

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ ഒടുവിൽ ഇടപെട്ട് ജില്ലാ മെഡിക്കൽ ഓഫീസര്‍. വിഷയത്തിൽ ജനറൽ ആശുപത്രി അധികൃതരോട് റിപ്പോര്‍ട്ട് തേടി. അതേസമയം, ചികിത്സാപ്പിഴവ് സമ്മതിച്ച ഡോക്ടര്‍ വിദഗ്ധ ചികിത്സക്കായി പണവും നൽകിയെന്ന് സുമയ്യയുടെ ബന്ധു പറഞ്ഞു. ഡോക്ടര്‍ തന്നെ പണം അയച്ചു നൽകിയതിന്‍റെ സ്ക്രീൻ ഷോട്ടും ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഇതിനിടെ, ചികിത്സാപ്പിഴവ് സമ്മതിച്ചുകൊണ്ടുള്ള ഡോക്ടറുടെ ശബ്ദരേഖ പുറത്തുവന്നു. സുമയ്യയുടെ നെഞ്ചിലാണ് ട്യൂബ് കുടുങ്ങിയിരിക്കുന്നത്. രോ​ഗിയുടെ ബന്ധുവിനോടാണ് ഡോക്ടറുടെ വെളിപ്പെടുത്തൽ. പറ്റിയത് തെറ്റ് തന്നെയെന്ന് ഡോക്ടർ രാജീവ് കുമാർ സംഭാഷണത്തിൽ പറയുന്നുണ്ട്.

എക്സ്റേയിൽ നിന്നാണ് സംഭവം അറിയുന്നത്. മരുന്നിനുള്ള ട്യൂബിട്ടവരാണ് ഉത്തരവാദികളെന്നും ഡോക്ടർ ചൂണ്ടിക്കാട്ടുന്നു. ശ്രീചിത്രയിൽ നടത്തിയ പരിശോധനയിലാണ് ​ഗൈഡ് വയറാണെന്ന് മനസിലാകുന്നത്. രണ്ടര വർഷം മുമ്പ് നടത്തിയ ശസ്ത്രക്രിയയിലാണ് പിഴവ് സംഭവിച്ചത്. കട്ടാക്കട മലയൻകീഴ് സ്വദേശി സുമയ്യയെയാണ് ഡോക്ടർമാരുടെ പിഴവ് മൂലം ദുരിതം അനുഭവിക്കുന്നത്. ആരോഗ്യവകുപ്പിനും പ്രതിപക്ഷ നേതാവിനും യുവതി പരാതി നൽകിയിട്ടുണ്ട്

2023 മാർച്ച് 22 നാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സുമയ്യ ചികിത്സ തേടിയത്. ഡോ.രാജിവ് കുമാറാണ് റോയ്ഡ് ഗ്രന്ഥി എടുത്തു കളയുന്ന ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കുശേഷം ഞരമ്പ് കിട്ടാതെ വന്നപ്പോൾ രക്തവും മരുന്നുകളും നൽകാനായി സെൻട്രൽ ലൈനിട്ടു. ഇതിന്‍റെ ഗൈഡ് വയറാണ് നെഞ്ചിൽ കുടുങ്ങി കിടക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഇത് തിരികെ എടുക്കാത്തതാണ് ദുരിതത്തിലാക്കിയത് എന്നാണ് പരാതി.