Headlines

വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട പരാതി: സുരേഷ് ഗോപിയുടെ സഹോദരന്റെ മൊഴിയെടുക്കും

വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട പരാതിയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിയുടെ മൊഴിയെടുക്കും. ടി എന്‍ പ്രതാപിന്റെ പരാതിയിലാണ് പൊലീസിന്റെ തീരുമാനം. പരാതിയില്‍ പ്രാഥമിക അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും കേസിലെ തുടര്‍നടപടികള്‍.

സുഭാഷ് ഗോപിയെ തൃശ്ശൂര്‍ എസിപി ഓഫിസിലേക്ക് വിളിച്ചു വരുത്തി മൊഴിയെടുക്കാനാണ് പൊലീസ് നീക്കം നടത്തുന്നത്. സുഭാഷ് ഗോപിയുടെ വീട്ടുകാരുടെ ഉള്‍പ്പെടെ വോട്ട് ചേര്‍ത്തതില്‍ ക്രമക്കേടുണ്ടെന്നായിരുന്നു ടി എന്‍ പ്രതാപന്റെ പരാതി. തൃശൂരില്‍ സ്ഥിരതാമസക്കാരല്ലാത്തവര്‍ വ്യാജരേഖ ചമച്ചുകൊണ്ടാണ് ഇവിടെ വോട്ട് ചേര്‍ത്തത് എന്നതായിരുന്നു ടി എന്‍ പ്രതാപന്റെ ആരോപണം. 11 വോട്ടുകള്‍ പുനപരിശോധിക്കണമെന്നും പൊലീസിന് സമര്‍പ്പിച്ച പരാതിയില്‍ ടി എന്‍ പ്രതാപന്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം വോട്ടര്‍പട്ടിക ക്രമക്കേട് ആരോപണത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍ നേരത്തെ നല്‍കിയ പരാതിയില്‍ തൃശൂര്‍ എസിപിയാണ് അന്വേഷണം നടത്തുക. വ്യാജരേഖ ചമച്ച് വോട്ടര്‍ പട്ടികയില്‍ വോട്ടുചേര്‍ത്തുവെന്നും വ്യാജ സത്യവാങ്മൂലം നല്‍കിയെന്നും ആണ് ടി എന്‍ പ്രതാപന്റെ പരാതി.