സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ച നാലാം ക്ലാസുകാരിയുടെ സഹോദരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം മൂന്നായി.
അമീബിക് മസ്തിഷ്‌ക ജ്വര രോഗലക്ഷണങ്ങളുടെ രണ്ടുദിവസമായി ഏഴു വയസ്സുകാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട് .ആദ്യ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നു.എന്നാല്‍ രോഗലക്ഷണങ്ങള്‍ തുടര്‍ന്ന സാഹചര്യത്തിലാണ് വീണ്ടും പരിശോധന നടത്തിയത്.ഇന്ന് രാവിലെയാണ് രോഗം സ്ഥിരീകരിച്ചത്.താമരശ്ശേരിയില്‍ ഈ രോഗം ബാധിച്ച് മരിച്ച അമയയുടെ സഹോദരനാണ്.അമയ കുളിച്ച അതേ കുളത്തില്‍ ഈ കുട്ടിയും കുളിച്ചിട്ടുണ്ടായിരുന്നു
നിലവില്‍ മൂന്നു പേരാണ് രോഗം സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുള്ളത്. ഇതില്‍ മൂന്നു മാസം പ്രായമായ കുഞ്ഞ് വെന്റിലേറ്ററിലും 31 വയസ്സുള്ള യുവാവ് ഐസിയുവിലും തുടരുകയാണ്. ഇന്ന് രോഗം സ്ഥിരീകരിച്ച ഏഴു വയസ്സുകാരന്റെ ആരോഗ്യനില തൃപ്തികരമാണ്.
അതേസമയം, തലക്കുളത്തൂരില്‍ നിന്ന് ശേഖരിച്ച് വെള്ളത്തിന്റെ പരിശോധന ഫലം ലഭ്യമായിട്ടില്ല.നിലവില്‍ മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ രോഗ ഉറവിടം മാത്രമേ നിലവില്‍ വ്യക്തമായിട്ടുള്ളൂ.കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് ജില്ലയില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.