ഗസയിൽ പുതിയ വെടിനിർത്തൽ നിർദേശം ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്. അൽ ജസീറയുടേതാണ് റിപ്പോർട്ട്. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് ധാരണ. ബന്ദികളുടെ മോചനത്തിനും ധാരണയായെന്നാണ് റിപ്പോർട്ടുകൾ. ആദ്യഘട്ടമായി 60 ദിവസത്തേക്കാണ് വെടിനിർത്തുക.
50 ത്തോളം ഇസ്രായേലി ബന്ദികളാണ് ഹമാസിന് ഉള്ളത്. അതിൽ 20 പേരെയാണ് രണ്ട് ബാച്ചുകളായി മോചിപ്പിക്കുക. “എല്ലാ ബന്ദികളെ ഒറ്റയടിക്ക് വിട്ടയച്ചാൽ” മാത്രമേ കരാർ അംഗീകരിക്കൂ എന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞിട്ടുള്ളതിനാൽ ഇസ്രായേലിന്റെ പ്രതികരണം എന്തായിരിക്കുമെന്ന് വ്യക്തമല്ല.
അതേസമയം, യുദ്ധം അവസാനിപ്പിച്ച് ബന്ദികളെ സുരക്ഷിതമായി തിരിച്ചുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഇസ്രായേലിൽ വ്യാപക പ്രക്ഷോഭമാണ് അരങ്ങേറുന്നത്. തലസ്ഥാനമായ തെൽ അവിവിൽ പതിനായിരങ്ങളാണ് തെരുവിലിറങ്ങിയത്. യുദ്ധവിരുദ്ധ പ്രവർത്തകർ ജെറൂസലം-തെൽ അവിവ് ഹൈവേ ഉപരോധിച്ചിരുന്നു.