സ്കൂൾ അസംബ്ലിക്കിടെ കാൽകൊണ്ട് ചരൽ നീക്കിയ പത്താം ക്ലാസ് വിദ്യാർഥിയുടെ കർണപുടം ഹെഡ്മാസ്റ്റർ അടിച്ചുപൊട്ടിച്ച സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു. കാസർഗോഡ് കുണ്ടംകുഴി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപകനായ എം. അശോകനെതിരെ നടപടിയുണ്ടായേക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ഇടപെടലിനെ തുടർന്ന് പത്താം ക്ലാസ് വിദ്യാർഥി അഭിനവ് കൃഷ്ണയുടെയും, ഹെഡ്മാസ്റ്റർ എം അശോകന്റെയും മൊഴി ഡി ഡി ഇ ടി വി മധുസൂദനൻ ഇന്ന് രേഖപ്പെടുത്തിയിരുന്നു. ഈ റിപ്പോർട്ടാണ് സമർപ്പിച്ചത്.
സംഭവം പുറത്തുവന്നതോടെ സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു. എന്നാൽ ഹെഡ്മാസ്റ്റർ എം അശോകന് ലക്ഷ്യം തെറ്റിയതാണെന്നും, പിശക് പറ്റിയതാണെന്നുമാണ് പിടിഎയുടെ നിലപാട്. അധ്യാപകനെതിരെ കുട്ടിയുടെ രക്ഷിതാക്കൾ ബേഡകം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കേസ് ഒതുക്കി തീർക്കാൻ അധ്യാപകനും പി ടി എ അംഗങ്ങളും വീട്ടിൽ എത്തി കുട്ടിയ്ക്ക് ചികിത്സാസഹായമായി ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നും വിദ്യാർഥിയുടെ അമ്മ ആരോപിച്ചിരുന്നു.