RJD എൽഡിഎഫ് വിടുമെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് RJD സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ് കുമാർ. ഇത്തരത്തിലുള്ള വാർത്തകൾ വെറും വ്യാജപ്രചാരണങ്ങളാണെന്നും ഇതിനു പിന്നിൽ ചിലരുടെ അജണ്ടകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. LDF-ൽ RJD ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടതുമുന്നണിയിൽ RJD-ക്ക് യാതൊരു അതൃപ്തിയുമില്ല. മുന്നണിയിലെ പ്രധാനപ്പെട്ട ഘടകകക്ഷികളിലൊന്നാണ് RJD. മുന്നണിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളിലാണ് പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അടുത്തിടെയായി സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും RJD മുന്നണി വിടാൻ പോകുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്തകൾക്ക് യാതൊരു ആധികാരികതയുമില്ലെന്ന് എം വി ശ്രേയാംസ് കുമാർ പറഞ്ഞു.
ഇടതുമുന്നണിക്ക് ജനങ്ങൾക്കിടയിലുള്ള സ്വീകാര്യത വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരം കള്ളപ്രചാരണങ്ങൾ രാഷ്ട്രീയ എതിരാളികളുടെ തന്ത്രത്തിന്റെ ഭാഗമാകാമെന്നും അദ്ദേഹം ആരോപിച്ചു. മുന്നണിയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെന്ന് വരുത്തിത്തീർത്ത് ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമങ്ങളാണ് ഇതിനു പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുന്നണിയിൽ തുടർന്നും ശക്തമായ നിലപാട് സ്വീകരിച്ച് പ്രവർത്തിക്കുമെന്നും, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായി കേരളത്തിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളിയാകുമെന്നും RJD സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി.