കേരളത്തിലെ കർഷകർക്ക് സൗജന്യ സൗരോർജ പമ്പുകൾ നൽകുന്ന കേന്ദ്ര പദ്ധതിയായ പി.എം കുസുമിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പരാതി. വിജിലൻസ് ഡയറക്ടർക്കാണ് അനർട്ട് നടത്തിയ 100 കോടിയോളം രൂപയുടെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല പരാതി നൽകിയത്.
അഴിമതി നടത്തിയെന്ന് സൂചിപ്പിക്കുന്ന രേഖകൾ അടക്കമാണ് പരാതി. അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ ചേർക്കണമെന്നും പരാതിയിൽ പറയുന്നു. പദ്ധതിയുടെ തുടക്കം മുതലുള്ള ക്രമക്കേടുകളുടെ ടെൻഡർ നടപടികളും അന്വേഷണ വിധേയമാക്കണം എന്നാണ് ആവശ്യം. അനർട്ട് സി.ഇ.ഒയെ ഒന്നാംപ്രതി ആക്കണമെന്നും രമേശ് ചെന്നിത്തല പരാതിയിൽ ആവശ്യപ്പെടുന്നു.
അഞ്ചു കോടി മാത്രം ടെൻഡർ വിളിക്കാൻ അർഹതയുള്ള അനർട്ട് സി.ഇ.ഒ 240 കോടിയുടെ ടെൻഡറാണ് വിളിച്ചത്. ഇത് മുതൽ പദ്ധതിയുടെ എല്ലാ ഘട്ടത്തിലും അഴിമതി ഉണ്ടെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം.