ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി മദ്യം വാങ്ങുമ്പോള്‍ 20 രൂപ ഡെപ്പോസിറ്റ് ഈടാക്കാനുള്ള തീരുമാനം നടപ്പിലാക്കുക ഓണത്തിന് ശേഷം മാത്രം. സെപ്റ്റംബര്‍ 2 മുതല്‍ ഈ പദ്ധതി നടപ്പിലാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. കുപ്പി ശേഖരണം ഓണക്കാലത്തെ മദ്യകച്ചവടത്തെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ബെവ്‌കോ സര്‍ക്കാരിനോട് സാവകാശം തേടിയിരുന്നു
സംസ്ഥാനത്ത് പ്രതിവര്‍ഷം 51 കോടി മദ്യക്കുപ്പികളാണ് വിറ്റുപോകുന്നത്. മദ്യപാനത്തിന് ശേഷം കുപ്പികള്‍ വഴിയില്‍ ഉപേക്ഷിക്കുന്നത് പരിസ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കുമെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് കുപ്പി ശേഖരണത്തിന് തമിഴ്‌നാട് മോഡല്‍ ഇവിടെയും കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എല്ലാവിധ മദ്യക്കുപ്പികള്‍ക്കും 20 രൂപ ഈടാക്കിക്കൊണ്ട് കുപ്പി തിരിച്ചുകൊടുക്കുമ്പോള്‍ ഈ പണവും തിരികെ നല്‍കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ കുപ്പി ഡെപ്പോസിറ്റ് ചെയ്യുന്നതിന് പണം നല്‍കുന്ന പദ്ധതി ഓണത്തിന് ശേഷം മാത്രം പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനായി ബെവ്‌കോ സാവകാശം തേടുകയും സര്‍ക്കാര്‍ അത് അംഗീകരിക്കുകയുമായിരുന്നു.
5400 ജീവനക്കാരാണ് ബെവ്‌കോയ്ക്കുള്ളത്. ഓണക്കാലത്തെ വലിയ തിരക്കിനെ നേരിടാന്‍ ഈ ജീവനക്കാര്‍ മതിയാകാതെ വരും. കരാര്‍ ജീവനക്കാരെക്കൂടി ഉള്‍പ്പെടുത്തിയാലും ബോട്ടില്‍ ശേഖരണത്തിനായി വേറെ കൗണ്ടര്‍ തുറക്കുകയും അതിനായി ചില ജീവനക്കാരെ നിയോഗിക്കുകയും ചെയ്യുന്നത് പ്രായോഗികമായി പലവിധ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്നായിരുന്നു ബെവ്‌കോയുടെ വാദം. ഇക്കാര്യം എക്‌സൈസ് വകുപ്പിനെ ബെവ്‌കോ അറിയിക്കുകയായിരുന്നു.