ചലച്ചിത്ര താര സംഘടനയായ ‘അമ്മ’യിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുമ്പോൾ ഈ വർഷത്തെ വോട്ടർ പട്ടികയിലെ ചില കൗതുകകരമായ വിവരങ്ങൾ ശ്രദ്ധേയമാവുകയാണ്. ഈ മാസം 15-നാണ് അമ്മയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. 507 അംഗങ്ങളുള്ള സംഘടനയുടെ പട്ടികയിൽ ചില അപ്രതീക്ഷിത പേരുകളും പ്രത്യേകതകളും ഉണ്ട്.
വോട്ടർ പട്ടികയിൽ ഏറ്റവും ശ്രദ്ധേയമായ പേര് തമിഴ് സൂപ്പർസ്റ്റാർ കമൽ ഹാസൻന്റേതാണ്. അടുത്തിടെ അമ്മയുടെ വിശിഷ്ടാംഗത്വം ലഭിച്ചതോടെയാണ് കമൽ ഹാസന് അമ്മയിൽ വോട്ട് ചെയ്യാനുള്ള അവസരം ലഭിക്കുന്നത്. അതുപോലെ പട്ടികയിലെ മറ്റൊരു കൗതുകം പാലാ എം.എൽ.എ. മാണി സി. കാപ്പൻന്റെ സാന്നിധ്യമാണ്. ഇതോടെ മന്ത്രി കെ.ബി. ഗണേഷ് കുമാറിനും എം.എൽ.എ. എം. മുകേഷിനും ഒപ്പം അമ്മയിലെ നിയമസഭാംഗങ്ങളുടെ എണ്ണം മൂന്നായി.
വോട്ടർ പട്ടികയിലുള്ള ആദ്യ പേരുകാരൻ ഒരു മലയാളിയല്ല എന്നതാണ് രസകരമായ മറ്റൊരു കാര്യം. ആദ്യത്തെ പേര് തമിഴ് നടൻ അബ്ബാസിന്റേതാണ്. അബ്ബാസിനെ കൂടാതെ ബോളിവുഡ് നടി തബു, തമിഴ് താരങ്ങളായ നെപ്പോളിയൻ, പാർഥിപൻ, തലൈവാസൽ വിജയ്, ഒരു മലയാള സിനിമയിൽ മാത്രം അഭിനയിച്ച ഗായിക വസുന്ധര ദാസ് എന്നിവരും സംഘടനയിലെ അംഗങ്ങളാണ്.
സിനിമയ്ക്ക് വേണ്ടി പേരുമാറ്റിയ ഒട്ടേറെ താരങ്ങളുടെ പേരുകളും പട്ടികയിൽ കാണാം. മുഹമ്മദ് കുട്ടി എന്ന പേരിൽ നിന്ന് മമ്മൂട്ടി ആയതുപോലെ, കവിതാ നായർ (ഉർവ്വശി), ദിവ്യ വെങ്കട്ട് രാമൻ (കനിഹ), സിബി വർഗീസ് (കൈലാഷ്), ബ്രൈറ്റി ബാലചന്ദ്രൻ (മൈഥിലി) എന്നിവരും പട്ടികയിലുണ്ട്. ശാലിനി അജിത്ത് ഉൾപ്പെടെ അഭിനയം നിർത്തിയ പലരും കൂടാതെ വർഷങ്ങളായി അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുന്നവരും ഇപ്പോഴും അമ്മ വോട്ടർ പട്ടികയിലുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. മുതിർന്ന താരങ്ങളായ മധുവും, ഷീലയും സംഘടനയുടെ തലമുതിർന്ന കാരണവന്മാരായി പട്ടികയിൽ തുടരുന്നു.