‘എയർ ഇന്ത്യ വിമാനം അടിയന്തര ലാൻഡിങ് നടത്തിയതിൽ ഉന്നതതല അന്വേഷണം വേണം’ ; കൊടിക്കുന്നിൽ സുരേഷ് എംപി

തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം അടിയന്തര ലാൻഡിങ് നടത്തിയതിൽ ഉന്നതതല അന്വേഷണം വേണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. ഭയപ്പെടുത്തുന്ന സംഭവങ്ങൾ ആണ് ഉണ്ടായതെന്നും മണിക്കൂറോളം വിമാനം വട്ടമിട്ടു പറന്നുവെന്നും ഏറെ കാത്തിരുന്ന ശേഷമാണ് ചെന്നൈയിൽ വിമാനം ലാൻഡ് ചെയ്യാൻ സാധിച്ചതെന്നും,പൈലറ്റ് കൃത്യമായ ഇടപെടൽ നടത്തിയെന്നും കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി.

വിമാനത്തിൽ ആകെ അഞ്ച് എം.പി.മാരാണ് ഉണ്ടായിരുന്നത്. കൊടിക്കുന്നിൽ സുരേഷ്, കെ.സി. വേണുഗോപാൽ, അടൂർ പ്രകാശ്, കെ. രാധാകൃഷ്ണൻ, റോബർട്ട് ബ്രൂസ് എന്നിവരായിരുന്നു യാത്രക്കാർ. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം ചെന്നൈയിൽ ഇറക്കിയതെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം.

അടിയന്തര ലാൻഡിംഗിന് അനുമതി തേടി വിമാനം ഒരു മണിക്കൂറോളം ചെന്നൈ വിമാനത്താവളത്തിന് മുകളിൽ വട്ടമിട്ട് പറന്നു. റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നതിനാൽ ലാൻഡിങ് ശ്രമം അവസാന നിമിഷം ഉപേക്ഷിച്ചുവെന്ന ആരോപണം എയർ ഇന്ത്യ നിഷേധിച്ചു. ചെന്നൈ എയർ ട്രാഫിക് കൺട്രോൾ നിർദേശിച്ചതുകൊണ്ടാണ് വിമാനം വീണ്ടും ഉയർത്തിയതെന്നും എയർ ഇന്ത്യയുടെ വിശദീകരണം.

യാത്രക്കാരെ സുരക്ഷിതമായി താഴെയിറക്കിയ വിമാനത്തിലെ പൈലറ്റിന്റെ കൃത്യമായ ഇടപെടലിനെ എം.പി.മാർ അഭിനന്ദിച്ചു. തുടർന്ന് യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഡൽഹിയിൽ എത്തിച്ചു. ഈ സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം നടത്തണമെന്ന് കെ.സി. വേണുഗോപാലും ആവശ്യപ്പെട്ടിട്ടുണ്ട്. ഭയപ്പെടുത്തുന്ന അനുഭവമാണ് ഉണ്ടായതെന്നും അദ്ദേഹം എക്‌സിലൂടെ അറിയിച്ചു. വിമാനത്തിന്റെ റഡാറുമായുള്ള ബന്ധത്തിൽ തകരാർ നേരിട്ടതാണ് അടിയന്തര ലാൻഡിംഗിന് കാരണമെന്നാണ് എയർ ഇന്ത്യ വൃത്തങ്ങൾ നൽകുന്ന പ്രാഥമിക സൂചന.