Headlines

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയാ ഉപകരണങ്ങൾ കാണാതായ സംഭവം; അന്തിമ റിപ്പോർട്ട് ഇന്ന് സർക്കാരിന് സമർപ്പിക്കും

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയാ ഉപകരണങ്ങൾ കാണാതായതുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നു. ഈ വിഷയത്തിൽ ഡോ. ഹാരിസ് ഹസനെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സർക്കാരിന് സമർപ്പിക്കുന്ന അന്തിമ റിപ്പോർട്ടിൽ ഡോ. ഹാരിസ് ഹസനെതിരെ ഒരു പരാമർശവും ഇല്ല. കാണാതായ ഉപകരണം കണ്ടെത്തിയ സാഹചര്യത്തിൽ അന്വേഷണം തുടരേണ്ടതില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആശുപത്രി വികസന സമിതിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്നാണ് റിപ്പോർട്ടിലെ പ്രധാന ശിപാർശ.

ഹാരിസ് ഹസനെതിരെ സർക്കാരോ ആരോഗ്യവകുപ്പോ യാതൊരു നടപടിക്കും കടക്കുന്നില്ലായെന്നതാണ് ഇന്ന് അഡിഷണൽ ചീഫ് സെക്രട്ടറിക്ക് DME നൽകുന്ന റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ചു ഒരു പ്രാഥമിക റിപ്പോർട്ട് കഴിഞ്ഞ ദിവസം നൽകിയിരുന്നു ആ റിപ്പോർട്ടിലും ഹാരിസ് ഹസനെതിരെ യാതൊരു നടപടിയും സ്വീകരിക്കാനുള്ള തീരുമാനം ഉണ്ടായിരുന്നില്ല. പകരം ആശുപത്രി വികസന സമിതിയുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നതായിരുന്നു DME യുടെ പ്രാഥമിക റിപ്പോർട്ടിലെയും പ്രധാന ശിപാർശ.

നേരത്തെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഈ വിഷയം ഉന്നയിച്ചതിൽ തനിക്ക് അച്ചടക്കലംഘനം സംഭവിച്ചതായി ഡോ. ഹാരിസ് ഹസൻ സമ്മതിച്ചിരുന്നു. എന്നാൽ ഈ കാര്യത്തിൽ കൂടുതൽ നടപടികൾ ഉണ്ടാകില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി മെഡിക്കൽ അധ്യാപക സംഘടന പ്രതിനിധികൾക്ക് ഉറപ്പുനൽകി. മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഡോ. ഹാരിസ് ഹസൻ കഴിഞ്ഞ ദിവസം തിരികെ ജോലിയിൽ പ്രവേശിച്ചിരുന്നു.