‘സ്കൂൾ സമയമാറ്റം ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാക്കും’; എതിർപ്പുമായി കേരള മദ്രസ ടീച്ചേഴ്സ് യൂണിയൻ

സ്കൂൾ സമയമാറ്റ വിഷയത്തിൽ എതിർപ്പുമായി കേരള മദ്രസ ടീച്ചേഴ്സ് യൂണിയൻ. സമയമാറ്റം കൊണ്ടുവന്നാൽ മദ്രസ അധ്യാപകർ പ്രതിസന്ധിയിലാകുമെന്നാണ് ആശങ്ക. പല അധ്യാപകരുടേയും ജോലി തന്നെ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുമെന്ന് ഭാരവാഹികൾ പറയുന്നു. മദ്രസ പഠനത്തിന് മൂന്ന് വിഷയം വീതം രണ്ട് മണിക്കൂറാണ് സമയം വേണ്ടത്. സ്‌കൂള്‍ സമയമാറ്റം വരുമ്പോള്‍ ഒരു മണിക്കൂര്‍ പോലും കിട്ടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് മദ്രസ അധ്യാപകര്‍ പറയുന്നു.

ശമ്പളം വരെ കുറയാനുള്ള സാഹചര്യമാണുള്ളതെന്ന് മദ്രസ അധ്യാപകര്‍ പറയുന്നു. ഇക്കാര്യത്തിൽ കൂടുതൽ കൂടിയാലോചന അടക്കം നടക്കേണ്ടതുണ്ടെന്ന് അവർ പറയുന്നു. തങ്ങളുടെ ഒരു അഭിപ്രായം കൂടി കേട്ട ശേഷമേ ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളാവൂ എന്നാണ് കേരള മദ്രസ ടീച്ചേഴ്സ് യൂണിയൻ ആവശ്യപ്പെടുന്നത്.

രണ്ടു മണിക്കൂർ വേണ്ടിടത്ത് ഇപ്പോൾ ഒരു മണിക്കൂർ തന്നെ ലഭിക്കാത്ത സാഹചര്യം കൂടിയുണ്ട്. ഇതോടുകൂടി മതപഠനം പൂർണമായി പഠിപ്പിക്കാൻ കഴിയാത്ത ഒരു സാഹചര്യത്തിലേക്ക് കാര്യങ്ങൾ പോകും. അതുകൊണ്ട് തന്നെ കൂടുതൽ കൂടിയാലോചനക്ക് ശേഷം മാത്രമേ വിദ്യാഭ്യാസ വകുപ്പ് ഇത് നടപ്പാക്കാവൂ എന്നുള്ള ഒരു അഭ്യർത്ഥനയാണ് ഇപ്പോൾ മദ്രസ ടീച്ചേഴ്സ് യൂണിയൻ മുന്നോട്ടുവയ്ക്കുന്നത്.