Headlines

ഉരുൾപൊട്ടിയിറങ്ങിയ രാത്രി; പെട്ടിമുടി ദുരന്തത്തിന് അഞ്ചാണ്ട്

ഇടുക്കി പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തം നടന്നിട്ട് ഇന്ന് അഞ്ച് വർഷം. ഉരുൾപൊട്ടി രാത്രിയുണ്ടായ ദുരന്തത്തിൽ ലയങ്ങൾ തകർന്ന് 70 പേർക്ക് ജീവൻ നഷ്ടമായെന്നാണ് ഔദ്യോഗിക കണക്ക്. കേരളത്തിലെ ദുരന്ത ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നാണ് പെട്ടിമുടി ദുരന്തം.

2020 ഓഗസ്റ്റ് 6. കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷനിലെ 22 തൊഴിലാളി കുടുംബങ്ങൾ താമസിച്ചിരുന്ന നാല് ലയങ്ങളിലുള്ളവർ പകൽ സമയത്തെ അധ്വാനത്തിനുശേഷം ഉറക്കത്തിലായിരുന്നു. രാത്രിയോടെ മഴ കനത്തു. പെട്ടെന്നാണ് ഇരവികുളം ദേശീയോദ്യാനത്തിന്റെ അതിർത്തിയിൽ നിന്ന്, ഈ ലയങ്ങൾക്ക് മേലേയ്ക്ക് ഉരുൾപൊട്ടിയിറങ്ങിയത്.

പ്രദേശത്ത് പത്തടി ഉയരത്തിൽ വരെ മണ്ണുമൂടി. പലയിടത്തും വലിയ പാറകൾ വന്നടിഞ്ഞു. വൈദ്യുതി ബന്ധം നിലച്ചതും മൊബൈൽ ഫോൺ കവറേജ് ഇല്ലാതിരുന്നതും ദുരന്തം പുറംലോകമറിയാൻ വൈകി. പ്രതികൂല കാലാവസ്ഥ മൂലം പാലം തകർന്നത് രക്ഷാപ്രവർത്തനം അതീവദുഷ്‌ക്കരമാക്കി. കുട്ടികളടക്കം എഴുപതു പേരാണ് കൊല്ലപ്പെട്ടത്. ഒരു കുടുംബത്തിലെ 21 പേരും അതിൽ ഉൾപ്പെട്ടു. നാലു പേരുടെ മൃതശരീരം കണ്ടെത്താനായില്ല. പക്ഷേ കാണാതായ നാലുപേരെക്കൂടി മരിച്ചവരായി കണക്കാക്കുകയായിരുന്നു. പന്ത്രണ്ടു പേർ മാത്രമാണ് ദുരന്തത്തെ അതിജീവിച്ചത്.

പെട്ടിമുടി ദുന്തരം പ്രകൃതിദുരന്തങ്ങളെപ്പറ്റിയുള്ള നമ്മുടെ കാഴ്ചപ്പാടുകൾ തന്നെ മാറ്റിമറിച്ചു. അശാസ്ത്രീയമായ നിർമ്മാണങ്ങളും പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണവും വനനശീകരണവും ദുരന്തങ്ങളുടെ ആക്കം കൂട്ടുമെന്ന് നാം തിരിച്ചറിഞ്ഞു. ചെറിയ ഇടവേളകളിൽ പെയ്യുന്ന അതിതീവ്ര മഴയും മണ്ണിന്റെ ഘടനയിലുണ്ടാകുന്ന മാറ്റങ്ങളും കേരളത്തിലെ മലയോരങ്ങളെ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും അതീവ സാധ്യതയുള്ള പ്രദേശങ്ങളാക്കി മാറ്റുന്നുണ്ടെന്നതാണ് വാസ്തവം.