Headlines

സർവകലാശാലകളിലെ സ്ഥിരം VC നിയമനം; തടസങ്ങൾ നീക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്ന് ​ഗവർണർ

സർവകലാശാലകളിലെ സ്ഥിരം വൈസ് ചാൻസിലർ നിയമനങ്ങളിൽ തടസങ്ങൾ നീക്കണമെന്ന് ഗവർണർ. സെർച്ച് കമ്മിറ്റി രൂപീകരണത്തിലുള്ള തടസം നീക്കാൻ സർക്കാർ മുൻകൈ എടുക്കണം. സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധികളെ നൽകാനും സർക്കാർ സഹകരിക്കണം. കൂടിക്കാഴ്ചക്കെത്തിയ മന്ത്രിമാരോടാണ് ഗവർണർ ഇക്കാര്യം ആവശ്യപ്പെട്ടത്.

സർവകലാശാലകളിൽ സ്ഥിരം വിസിമാരെ നിയമിക്കാൻ ഗവർണറും സർക്കാരും യോജിച്ച് തീരുമാനമെടുക്കണമെന്നായിരുന്നു സുപ്രീംകോടതി നൽകിയ നിർദേശം. ഈ നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ സഹകരണം വേണമെന്ന് ഗവർണർ ആവശ്യപ്പെട്ടത്. കഴിഞ്ഞദിവസം നിയമമന്ത്രി പി രാജീവും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും രാജ്ഭവനിലെത്തി ​ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് ​ഗവർണർ സർക്കാർ സഹകരണം ആവശ്യപ്പെട്ടത്.
സർക്കാർ സഹകരണം ഉണ്ടായാൽ രാജ്ഭവന്റെ ഭാ​ഗത്ത് നിന്ന് യാതൊരു തരത്തിലുള്ള കാലതാമസവും ഉണ്ടാകില്ലെന്നാണ് ​ഗവർണർ മന്ത്രിമാരോട് പറഞ്ഞിരിക്കുന്നത്. വി സി നിയമനത്തിൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്ന് മന്ത്രിമാർ ഗവർണറോട് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് മന്ത്രിമാർ ​ഗവർണറെ കണ്ടിരുന്നത്.