റോഡല്ല, ട്രാക്കാണ്….മദ്യലഹരിയിൽ റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് കാർ ഓടിച്ചു കയറ്റി സൈനികൻ

മദ്യലഹരിയിൽ റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് കാർ ഓടിച്ചു കയറ്റി സൈനികൻ. ട്രെയിൻ കടന്നുപോകുന്നതിനിടെയാണ് സൈനികൻ കാർ പ്ലാറ്റ്‌ഫോമിലേക്ക് ഓടിച്ചു കയറ്റിയത്. ഉത്തർപ്രദേശിലെ മീററ്റ് കാൻ്റ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്.

സന്ദീപ് ദാക്ക എന്ന സൈനികനാണ് ഈ സാഹസത്തിന് മുതിർന്നത്. മദ്യലഹരിയിലായിരുന്ന ഇയാൾ പ്ലാറ്റ്‌ഫോമിലൂടെ വളരെ വേഗത്തിൽ കാർ ഓടിച്ചു കയറ്റുകയായിരുന്നു. ഈ സമയം പ്ലാറ്റ്‌ഫോമിൽ ധാരാളം യാത്രക്കാർ ഉണ്ടായിരുന്നു. പെട്ടന്നുള്ള സംഭവം ആളുകൾക്കിടയിൽ പരിഭ്രാന്തി പരത്താൻ ഇടയാക്കി.

സംഭവമറിഞ്ഞ റെയിൽവേ പൊലീസ് ഉടൻതന്നെ സ്ഥലത്തെത്തി സൈനികനായ സന്ദീപ് ദാക്കയെ അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ആർക്കും പരിക്കുകളില്ല. എങ്കിലും ഈ സംഭവം റെയിൽവേ സ്റ്റേഷനുകളിലെ സുരക്ഷയെക്കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർത്തുന്നു. സുരക്ഷാ സംവിധാനങ്ങളിലെ പാളിച്ചകളാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമാകുന്നതെന്നാണ് പൊതുവെയുള്ള വിമർശനം. റെയിൽവേ അധികൃതർ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.