കൊച്ചി: പ്രൊഫസർ എം കെ സാനുവിന് മലയാള സാഹിത്യലോകം ഇന്ന് യാത്രാമൊഴി ചൊല്ലും. ഇന്ന് വൈകിട്ട് അഞ്ചിന് എറണാകുളം രവിപുരം ശ്മശാനത്തിലാണ് സംസ്കാരം നടക്കുക. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു മലയാള സാഹിത്യത്തറവാട്ടിലെ കാരണവരായ സാനുമാഷിന്റെ വിയോഗം.
രാവിലെ എട്ടുമണിയോടെ മൃതദേഹം ഇടപ്പളളി അമൃത ആശുപത്രി മോർച്ചറിയിൽ നിന്ന് കൊച്ചി കാരിയ്ക്കാമുറിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ഒമ്പതു മണി മുതൽ വീട്ടിൽ പൊതുദര്‍ശനമുണ്ടാകും. ഇതിനുശേഷം പത്തുമണി മുതൽ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനം നടക്കും. ദീർഘകാലം എറണാകുളം മഹാരാജാസ് കോളേജിൽ അധ്യാപകനായിരുന്ന പ്രൊഫസർ എം കെ സാനുവിന് ശിഷ്യഗണങ്ങളും കൊച്ചി പൗരാവലിയും ഇന്ന് അന്തിമോപചാരം അർപ്പിക്കും.
എറണാകുളത്തെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് 5 .35 ന് 99 വയസായിരന്നു പ്രൊഫ എംകെ സാനുവിന്റെ മരണം. വീട്ടില്‍ വെച്ച് ഉണ്ടായ ഒരു വീഴ്ചയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ന്യുമോണിയ ബാധിക്കുകയായിരുന്നു. മലയാള സാഹിത്യലോകം കണ്ട ഏറ്റവും മികച്ച സാഹിത്യ നിരൂപകരില്‍ ഒരാളാണ് വിടവാങ്ങിയത്.
വാര്‍ധക്യത്തിലും സാഹിത്യ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു സാനു മാഷ്. അസാധാരണമായ ഉൾക്കാഴ്ചയോട് കൂടിയ ജീവചരിത്ര രചനയില്‍ അദ്ദേഹം പ്രാഗല്ഭ്യം പുലര്‍ത്തിയ എഴുത്തുകാരനായിരുന്നു പ്രൊഫസര്‍ സാനു. ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങളെ മലയാളികളില്‍ ആഴത്തില്‍ ഇറങ്ങുന്ന വിധത്തില്‍ മികച്ച രചനകൾ നടത്താന്‍ എംകെ സാനുവിന് സാധിച്ചിട്ടുണ്ട്.
ചങ്ങമ്പുഴ കൃഷ്ണപിള്ളയെ കുറിച്ചുള്ള നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്ന സാനു മാഷ് എഴുതിയ ജീവചരിത്ര പുസ്തകം മലയാളത്തിലെ എണ്ണം പറഞ്ഞ ജീവചരിത്ര പുസ്തകങ്ങളില്‍ ഒന്നാണ്. പികെ ബാലകൃഷ്ണന്, വൈക്കം മുഹമ്മദ് ബഷീര്‍ തുടങ്ങി 40 ലധികം പേരുടെ ജീവചരിത്രം എംകെ സാനു രചിച്ചിട്ടുണ്ട്. പ്രായമായതിന്റെ അവശതകൾ അദ്ദേഹം തന്റെ എഴുത്തിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലെ നാൾവഴികളിലും ഒരിക്കലും കാണിച്ചിരുന്നില്ല.
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം, വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന് പുരസ്കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകൾ നേടിയിട്ടുണ്ട്.