സഭ ഞങ്ങളോട് സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ ഞങ്ങള്‍ ഇറങ്ങി, അധ്വാനം ഫലം കണ്ടു: രാജീവ് ചന്ദ്രശേഖർ

ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ ജാമ്യം ലഭിച്ച് ജയിലിൽ നിന്ന് പുറത്തിറങ്ങിയതിൽ സന്തോഷമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. ഇന്ന് സന്തോഷത്തിന്‍റെ ദിവസമാണ്. മുമ്പ് പറഞ്ഞകാര്യം തന്നെയാണ് പറയാനുള്ളത്. വിഷയത്തിലെ രാഷ്ട്രീയം നിലവില്‍ പറയാനില്ലെന്നും ജ്യൂഡീഷ്യറിക്കും ഛത്തീസ്ഗഡ് സംസ്ഥാന സര്‍ക്കാരിനും നന്ദി അറിയിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

കന്യാസ്ത്രീകളുടെ മോചനം സാധ്യമാക്കിയ ജുഡീഷ്യറിക്കും പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും നന്ദിയെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഒമ്പതു ദിവസം കഴിഞ്ഞാണ് അവര്‍ പുറത്തിറങ്ങുന്നത്. സഭ ഞങ്ങളോട് വിളിച്ച് സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ ഞങ്ങള്‍ അതിനായി ഇറങ്ങി. ഞങ്ങളെ ഏല്‍പിച്ച കാര്യമെല്ലാം ഞങ്ങള്‍ ചെയ്തു. അധ്വാനം ഫലം കണ്ടു.

ഛത്തീസ്ഗഡ് സര്‍ക്കാര്‍ ജാമ്യത്തെ എതിര്‍ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വാക്ക് നൽകിയിരുന്നു. പറഞ്ഞതുപോലെ സംസ്ഥാന സര്‍ക്കാര്‍ ജാമ്യത്തിനെ എതിര്‍ത്തില്ല. പാർട്ടിയുടെ നിർദേശ പ്രകാരം അനൂപ് ആന്റണി ഇവിടെ വന്നിരുന്നു. കൃത്യമായി എല്ലാം ചെയ്തു.

രാഷ്ട്രീയ നാടകങ്ങള്‍ നടന്നില്ലായിരുന്നെങ്കില്‍ മൂന്ന് ദിവസം മുന്‍പ് തന്നെ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കുമായിരുന്നുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇന്ന് രാവിലെയാണ് കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത്. കര്‍ശന വ്യവസ്ഥകളോടെയാണ് ബിലാസ്പുർ എൻഐഎ കോടതി കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചത്.