നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് രാജസ്ഥാനിലും മലയാളിക്കെതിരെ കേസ്. ഇടുക്കി കട്ടപ്പന സ്വദേശിയായ തോമസ് ജോര്‍ജിനെതിരെ യാണ് ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി കേസ് എടുത്തത്. ഭീതിയോടെയാണ് കഴിയുന്നത് എന്ന് തോമസ് ജോര്‍ജ്.
ഛത്തിസ്ഗഡിലെ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് ഒറ്റപ്പെട്ട സംഭവം അല്ലെന്ന് വ്യക്തമാക്കുന്നതാണ് രാജസ്ഥാനില്‍ മലയാളി പാസ്റ്റര്‍ ക്കെതിരെ എടുത്ത കേസ്. കഴിഞ്ഞ 21 വര്‍ഷമായി രാജസ്ഥാനിലെ ദൗസയില്‍ പാസ്റ്റര്‍ ആയി സേവനം അനുഷ്ടിക്കുകയാണ് തോമസ് ജോര്‍ജ്. എന്നാല്‍ കഴിഞ്ഞ ജൂണ്‍ 29ന് പ്രാര്‍ത്ഥന നടന്നുകൊണ്ടിരിക്കെ ബജ്‌റംഗ്ദളിന്റെ നേതൃത്വത്തില്‍ ഒരു സംഘം പ്രതിഷേധവുമായി എത്തി.
ജൂലൈ 6 ന് ബജ്‌റഗ്ദള്‍- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മതപരിവര്‍ത്തനം നടത്തുന്നു എന്ന് ആരോപിച്ചു ആരാധനാലയം തകര്‍ക്കാന്‍ ജെസിബിയുമായി എത്തി. 100 ഓളം പോലീസുകാര്‍ എത്തിയാണ് തോമസ് ജോര്‍ജ് അടക്കമുള്ള വര്‍ക്ക് സംരക്ഷണം നല്‍കിയത്. എന്നാല്‍ ജൂലൈ 15 ന് ബജ്‌റഗ്ദള്‍ പ്രവര്‍ത്തകരുടെ പരാതിയില്‍ തോമസ് ജോര്‍ജിന് എതിരെ ദൗസ പോലീസ് കേസ് എടുത്തു. മതസ്പര്‍ദ്ധ വളര്‍ത്തുക, മതവിശ്വാസത്തെ അപമാനിക്കുക, വിദ്വേഷ പ്രചരണം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. കടുത്ത ഭീഷണി നേടുന്ന സാഹചര്യത്തില്‍ രജസ്ഥാനില്‍ നിന്നും മാറി നില്‍ക്കുകയാണ് തോമസ് ജോര്‍ജ്.