കന്യാസ്ത്രീകളുടെ അറസ്റ്റിനെ വീണ്ടും ന്യായീകരിച്ച് ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി. പൊലീസ് അവരുടെ ജോലിയാണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് പറഞ്ഞു. അതേസമയം ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകുന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. എംഎൽഎമാരായ റോജി എം ജോണും , സജീവ് ജോസഫും ഛത്തീസ്ഗഢിൽ തുടരുന്നു.
ഛത്തീസ്ഗഢിലുള്ള ബിജെപി നേതാവ് അനൂപ് ആന്റണി വീണ്ടും ആഭ്യന്തരമന്ത്രിയെ കണ്ട് ചർച്ച നടത്തും. കോൺഗ്രസ് എംഎൽഎമാരായ റോജി എം ജോൺ, സജീവ് ജോസഫ് എന്നിവരും ദുർഗിൽ തുടരുകയാണ്.കന്യാസ്ത്രീകളുടെ ബന്ധുക്കളും ഛത്തീസ്ഗഢിലുണ്ട്.
അതേസമയം കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം ഇന്നും പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാക്കാനാണ് സാധ്യത. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇരു സഭകളില്‍ നോട്ടീസ് നല്‍കാനാണ് പ്രതിപക്ഷ അംഗങ്ങളുടെ തീരുമാനം. കഴിഞ്ഞദിവസം ശൂന്യവേളയില്‍ കെസി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ഫ്രാന്‍സിസ് ജോര്‍ജ് എന്നിവര്‍ ലോക്‌സഭയില്‍ ഉന്നയിച്ചിരുന്നു. പാര്‍ലമെന്റിന് പുറത്തും പ്രതിഷേധിക്കും.
ജാമ്യം നല്‍കിയാല്‍ മത പരിവര്‍ത്തനം ആവര്‍ത്തിക്കുമെന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. ആദിവാസി കുട്ടികളെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാതെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടു പോവുകയായിരുന്നു എന്നും പ്രോസിക്യൂഷന്‍ ദുര്‍ഗ് സെഷന്‍സ് കോടതിയില്‍ വാദിച്ചു. സെഷന്‍സ് കോടതിയുടെ ഉത്തരവിലാണ് ഈ വിവരങ്ങള്‍. ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ത്തില്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണിയുടെ വാദം തള്ളുന്നതായിരുന്നു കോടതിയുടെ ഉത്തരവ്.