നിറപുത്തിരി പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഇന്ന് വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിച്ചു. നാളെയാണ് നിറപുത്തരി. പുലര്‍ച്ചെ 5. 30നും 6.30 നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ നിറപുത്തരി പൂജകള്‍ നടക്കും.
നിറപുത്തരിക്കായുള്ള നെൽകതിരുകളുമായുള്ള ഘോഷയാത്ര വൈകിട്ട് 8ന് സന്നിധാനത്തെത്തും. അച്ചൻകോവിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നാണ് നെൽകതിരുകൾ എത്തിക്കുന്നത്. ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്ര പുറപ്പെട്ടു. നിറപുത്തരിപൂജകൾ പൂർത്തിയാക്കി നാളെ രാത്രി 10 മണിക്ക് നട അടയ്ക്കും.
രാവിലെ 4.30ന് ക്ഷേത്രത്തിലെ മണ്ഡപത്തിൽ സൂക്ഷിച്ചിരുന്ന നെൽക്കതിരുകൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. പി എസ് പ്രശാന്ത്, അംഗം അഡ്വ. എ. അജി കുമാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ക്ഷേത്രത്തെ വലംവച്ച ശേഷം ഏറ്റുവാങ്ങിയ നെൽകതിരുകൾ ഘോഷയാത്രാ സംഘത്തിന് കൈമാറി.
വിവിധ ഇടങ്ങളിലെ സ്വീകരണത്തിനു ശേഷം ഘോഷയാത്ര വൈകിട്ട് ശബരിമല സന്നിധാനത്ത് എത്തിച്ചേരും. നാളെ പുലർച്ചെ 5.30നും 6.30നും ഇടയിലുള്ള മുഹൂർത്തത്തിലാണ് നിറപുത്തരി.