ബസുകളുടെ മത്സരയോട്ടത്തിൽ നടപടി വരുന്നു; ‘നഗരങ്ങളിൽ 5 മിനിറ്റും ഗ്രാമങ്ങളിൽ 10 മിനിറ്റുമാക്കി സമയം ക്രമീകരിക്കും’, ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ

സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ ഇടപെടലുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ. വാഹനങ്ങളുടെ മത്സരയോട്ടത്തിൽ കർശന നടപടിയുണ്ടാകും. ബസുകളുടെ സമയക്രമം നിജപ്പെടുത്തുന്നത് സംബന്ധിച്ച് ഉത്തരവ് ഉടൻ പുറത്തിറക്കും. ഇതോടുകൂടി മത്സരയോട്ടം കുറയ്ക്കാൻ സാധിക്കും. ബസുകൾ തമ്മിലുള്ള സമയദൈർഘ്യം നഗരങ്ങളിൽ 5 മിനിറ്റും ഗ്രാമങ്ങളിൽ 10 മിനിറ്റുമാക്കി മാറ്റുമെന്ന് സംഘടനാനേതാക്കളുമായി ചർച്ചചെയ്ത് തീരുമാനിച്ചിരുന്നു. അവർ അതിന് സമ്മതം മൂളുകയും ചെയ്തിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

എറണാകുളം, തൃശൂർ, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ ബസുകൾ തമ്മിലുള്ള മത്സരയോട്ടം നടക്കുന്നത്. ലഹരി ഉപയോഗിക്കുന്നവർ ക്രിമിനൽ കേസ് പ്രതികൾ എന്നിവരെ ബസ് ജീവനക്കാരാക്കില്ല. പൊലീസ് വെരിഫിക്കേഷൻ നടത്തി മാത്രമേ ബസുകളിലെ കണ്ടക്ടർമാരെയും ഡ്രൈവർമാരെയും ക്‌ളീനറെയും നിയമിക്കാവൂവെന്ന് നിർദേശം നൽകി കഴിഞ്ഞു. മത്സരയോട്ടത്തിന്റെ പ്രധാന ഉത്തരവാദിത്വം ബസ് മുതലാളിമാർക്കാണ്. മാക്സിമം കളക്ഷൻ ഉണ്ടാക്കാൻ ഇവരാണ് ജീവനക്കാരെ പറഞ്ഞു വിടുന്നത്. സമയം തെറ്റിച്ച്‌ വാഹനമോടിക്കുന്നത് നിരീക്ഷിക്കാൻ ജിയോ ഫെൻസിങ് സംവിധാനം ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

സമയക്രമം തെറ്റിച്ച് വാഹനമോടിച്ചാൽ പിഴ ഇടയാക്കുമെന്നും പൊലീസുകാരുടെ സഹകരണം കുറച്ചുകൂടി ഉറപ്പാക്കും. പൊലീസ് ഉദ്യോഗസ്ഥർ കൂടി സഹകരിക്കുകയാണെങ്കിൽ കാസർഗോഡ് മുതൽ ബസുകളുടെ മത്സരയോട്ടം നടക്കുന്ന മറ്റ് ജില്ലകളിലേക്കും ഈ പ്രവർത്തി തടയാൻ സാധിക്കുമെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ പറഞ്ഞു.

സ്വകാര്യബസുകളുടെ മരണപ്പാച്ചിലും മത്സരയോട്ടവും വാർത്തയാകാതെ ഒരുദിവസം പോലും കടന്നുപോകുന്നില്ല. ഭീതിദമായ ഈ യാഥാർത്ഥ്യത്തിനു മുന്നിൽ പകച്ചുനിൽക്കുകയാണ് നാം ഓരോരുത്തരും . മത്സരയോട്ടത്തിൽ വിവിധയിടങ്ങളിൽ പൊലിഞ്ഞ ജീവനുകളും പരുക്കേറ്റവരും ഒട്ടേറെയുണ്ട്. കാൽനടയാത്രികരും മറ്റ് വാഹനങ്ങളിൽ സഞ്ചരിക്കുന്നവരും ബസ് യാത്രികരും , ആരും, റോഡുകളിൽ സുരക്ഷിതരല്ലെന്നതിന്റെ കാഴ്ചകൾ നമ്മൾ ദിനംപ്രതി കണ്ടുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ആറ് മാസത്തിനിടെ കോഴിക്കോട് സിറ്റി പരിധിയിൽ മാത്രം 149 ബസ് അപകടങ്ങളിലായി 12 ജീവനുകളാണ് റോഡില്‍ പൊലിഞ്ഞത്. ബസുകള്‍ തമ്മിലുള്ള മത്സര ഓട്ടവും ഡ്രൈവര്‍മാരുടെ അശ്രദ്ധയുമാണ് അപകടങ്ങള്‍ക്ക് കാരണം. മിനിറ്റുകളുടെ വ്യത്യാസത്തിൽ മത്സരയോട്ടം നടത്തുമ്പോൾ സ്റ്റോപ്പ്‌ എത്തിയാൽ ആളെ കയറ്റാൻ പോലും പറ്റാത്ത തിരക്കാണ് ബസുകൾക്ക്. ഈ തിരക്കിനിടയിൽ നിരത്തിൽ പൊലിയുന്നത് നിരവധി ജീവനുകളാണ്.സമയം ഇല്ല, ബ്ലോക്ക് തുടങ്ങി നിരത്തുകളിലെ മരണപ്പാച്ചിലിന് ബസ് ഉടമകൾക്കും ജീവനക്കാർക്കും പറയാൻ കാരണങ്ങൾ ഒരുപാട് ആണ്.

കൊച്ചി നഗരത്തിൽ സാധാരണക്കാരുടെ ശാപവാക്കുകൾ ഏറ്റുവാങ്ങാതെ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസുകൾ ഒന്നു പോലും കാണില്ല. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മാത്രം സ്വകാര്യ ബസുകൾ അനാഥമാക്കിയത് 10 ലധികം കുടുംബങ്ങളെയാണ്. അപകടം ഉണ്ടാക്കിയതിന് ശേഷം കുറച്ച് ദിവസങ്ങൾ മര്യാദക്കാർ ആകും. വീണ്ടും ഗുണ്ടായിസത്തിന്റെ കുപ്പായമണിയും അവർ. ഇന്നലെ ഒരു കോളജ് വിദ്യാർഥിയുടെ ജീവനാണ് നഷ്ടമായത്.