Headlines

‘സെല്ലിൽ നിന്ന് കമ്പി മുറിച്ച് ഇഴഞ്ഞു നീങ്ങുന്ന ഗോവിന്ദച്ചാമി; ജയിൽചാടുന്ന CCTV ദൃശ്യം പുറത്ത്

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഗോവിന്ദച്ചാമി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ . പത്താം ബ്ലോക്കിലെ സെല്ലിന്റെ താഴ് ഭാഗത്തെ കമ്പികകൾ മുറിച്ചുമാറ്റി ഗോവിന്ദച്ചാമി പുറത്തേക്ക് കടക്കുന്ന ദൃശ്യങ്ങളാണ് പുലർത്തുവന്നിരിക്കുന്നത്. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വലിയ വീഴ്ച്ച സംഭവിച്ചുവെന്ന ആരോപണത്തെ സാധൂകരിക്കുന്നതാണ് പുറത്ത് വന്നിരിക്കുന്ന ചിത്രങ്ങൾ. ഇയാളുടെ കൈയ്യിൽ ഒരു തുണികെട്ടും കാണാം.

മുറിച്ചു മാറ്റിയ കമ്പികളിലൂടെ ഇഴഞ്ഞുനീങ്ങിയാണ് ഗോവിന്ദച്ചാമി പുറത്തുകടക്കുന്നത്. സെല്ലില്‍ നിന്ന് മുറിച്ചുമാറ്റിയ കമ്പികള്‍ക്കിടയിലൂടെ നൂന്നിറങ്ങിയ ഗോവിന്ദച്ചാമി കമ്പികള്‍ പഴയപടി ചേര്‍ത്തുവെക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ആ സമയത്തുപോലും സെല്ലിന്റെ പരിസരത്തേക്ക് ആരും എത്തിയിട്ടില്ല. നിരന്തരം പരിശോധന നടക്കുന്ന സ്ഥലമായിരുന്നെങ്കില്‍ ഗോവിന്ദച്ചാമി പുറത്തിറങ്ങിയത് ജയില്‍ ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടേണ്ടതായിരുന്നു.

കുറച്ചധികം കാലമായി ജയിൽചാട്ടം നടത്താൻ ഇയാൾ പദ്ധതിയിട്ടിരുന്നു എന്നതിന് തെളിവാണ് ഈ ദൃശ്യങ്ങൾ. ശരീര ഭാരം കുറയ്ക്കലും വ്യായാമങ്ങൾ ചെയ്യലുമെല്ലാം ഇതിന്റെ ഭാഗമായുള്ളതായിരുന്നു. ഗോവിന്ദച്ചാമിക്ക് ഏതെങ്കിലും തരത്തലുള്ള സഹായം ലഭിച്ചത്തിന്റെ ഒരു സൂചനയും ദൃശ്യങ്ങളില്ല. പുലർച്ചെ 1.10ന് സെല്ലിൽ നിന്ന് ഇറങ്ങിയ ഗോവിന്ദച്ചാമി ജയിൽ ചാടുന്നത് 4 മണിക്ക് ശേഷമാണ്. മറ്റ് സഹായങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഇയാൾ വേഗത്തിൽ രക്ഷപ്പെടുമായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ ജയിൽ ചാടുന്നത് സഹതടവുകാരായ നാല് പേർക്ക് അറിയാമായിരുന്നു.

മൊഴിയെടുക്കുന്നതിനായി ജയിലിൽ ഗോവിന്ദച്ചാമിയുമായി ബന്ധമുള്ള സഹതടവുകാരുടെ പട്ടിക പൊലീസ് തയ്യാറാക്കി. ജയിൽ ചാടുന്ന ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും.