പാലോട് രവിയുടെ പരാമർശത്തിൽ ഉചിതമായ നടപടിയെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ശബ്ദ സന്ദേശം ആരും നിഷേധിച്ചിട്ടില്ലെന്നും പാലോട് രവിയോട് സംസാരിച്ചെങ്കിലും, വിശദീകരണം ചോദിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. ഇതുകൊണ്ടൊന്നും തകരുന്നതല്ല കോൺഗ്രസ് പ്രവർത്തകരുടെ മനോവീര്യമെന്ന് സണ്ണി ജോസഫ് പറഞ്ഞു.
നടപടി പരിഗണനയിലാണോ എന്ന ചോദ്യത്തിന് വിഷയം പരിഗണനയിലെന്നാണ് കെപിസിസി മറുപടി നൽകിയത്. പ്രാദേശിക കോൺഗ്രസ് നേതാവുമായുള്ള പാലോട് രവിയുടെ ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാമതാകുമെന്നും തദ്ദേശ തിരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകുമെന്നും ഫോൺ സംഭാഷണത്തിൽ പാലോട് രവി പറയുന്നുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകും. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും. മുസ്ലിം വിഭാഗം മറ്റുപാർട്ടികളിലേക്കും സിപിഐഎമ്മിലേക്കും പോകും. കോൺഗ്രസ് എടുക്കാച്ചരക്കാകുമെന്നും പാലോട് രവി പറയുന്ന ഫോൺ സംഭാഷണമാണ് പുറത്തുവന്നത്.
വി.ഡി സതീശനെതിരായ വെള്ളാപ്പള്ളിയുടെ അധിക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. കോൺഗ്രസ് മതേതരപാർട്ടിയാണെന്ന് അദേഹം പറഞ്ഞു. ജനങ്ങൾ കോൺഗ്രസിനെ ആ നിലയിലാണ് വിശ്വസിക്കുന്നതെന്ന് സണ്ണി ജോസഫ് പറഞ്ഞു. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുകാരൻ ഗോവിന്ദച്ചാമി ചാടിപ്പോയ സംഭവത്തിൽ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചത് സർക്കാരിന്റെ കുറ്റസമ്മതമാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. സർക്കാരിന്റെത് എസ്ക്കേപ്പിസമാണെന്ന് അദേഹം കുറ്റപ്പെടുത്തി.