ജനങ്ങൾ പിണറായിക്ക് ഈ തെരഞ്ഞെടുപ്പിൽ ടിസി നൽകും, നിരവധി വീഴ്ച സംഭവിച്ചിട്ടും മന്ത്രിമാർ ആരും രാജിവയ്ക്കുന്നില്ല; രാജീവ് ചന്ദ്രശേഖർ

ജനങ്ങൾ പിണറായിക്ക് ഈ തെരഞ്ഞെടുപ്പിൽ ടിസിനൽകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഗോവിന്ദചാമിയുടെ ജയിൽചാട്ടത്തിലാണ് പ്രസ്താവനവുമായി രാജീവ്ചന്ദ്രശേഖർ രംഗത്തെത്തിയത്. നിരവധി വീഴ്ച സംഭവിച്ചിട്ടും മന്ത്രിമാർ ആരും രാജിവയ്ക്കുന്നില്ല. വീഴ്ചകളുടെ ഉത്തരവാദിത്വം ആരും ഏൽക്കുന്നില്ല. മുഖ്യമന്ത്രിക്ക് കീഴിലുള്ള കേരളത്തിലെ ആഭ്യന്തര വകുപ്പ് സമ്പൂ‍ർണ പരാജയമാണെന്ന് നേരത്തെ തെളിയിക്കപ്പെട്ടതാണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

ഗസയും ഹമാസുമൊക്കെയാണ് CPIMൻ്റെ പരിഗണന. ഗോവിന്ദച്ചാമി വിഷയത്തിൽ സി.ബി.ഐ അന്വേഷണം നടത്തിയാലും പൊലീസുകാർക്കെതിരെ മാത്രമെ നടപടി ഉണ്ടാകുവെന്നും അദ്ദേഹം വിമർശിച്ചു. CBI മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യില്ല. സംസ്ഥാന സർക്കാരിൻ്റെ അനാസ്ഥയാണ് പ്രധാന പ്രശ്നം. സ്വന്തം നാട്ടിലെ പ്രശ്നങ്ങളിൽ സർക്കാരിന് താല്പര്യം ഇല്ലെന്നും ആഭ്യന്തര വകുപ്പ് പൂർണ പരാജയമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശാരീരിക വെല്ലുവിളികൾ നേരിടുന്ന ​ഗോവിന്ദച്ചാമി സ്വയം രക്ഷപ്പെടുകയായിരുന്നോ, അതോ രക്ഷപ്പെടാൻ സഹായിക്കുകയായിരുന്നോ എന്ന ചോദ്യമാണ് ബാക്കിയാകുന്നത്. ജയിലധികൃതരുടെ വീഴ്ചയെക്കുറിച്ച് ച‍ർച്ച ചെയ്യുന്നതിന് പകരം കുറ്റവാളിയെ വീരോചിതമായി പിടികൂടി എന്ന വീമ്പിളക്കൽ ലജ്ജാകരമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ജയിലിൽ കുറ്റവാളികൾക്ക് എല്ലാവിധ സുഖസൗകര്യങ്ങളും ഒരുക്കിക്കൊടുത്തിരിക്കുകയാണ് CPIM നേതാക്കൾ. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. 9 വർഷം കൊണ്ട് പൊലീസിനെ വലിയ തോതിൽ രാഷ്ട്രീയ വൽകരിച്ചു. ഈ രാഷ്ട്രീയ സംസ്കാരം ആണ് മാറേണ്ടത് എന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.