മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണവുമായി ബന്ധപ്പെട്ട് നാളെ നടത്താനിരുന്ന പിഎസ്‌സി പരീക്ഷകൾ മാറ്റി. പൊതുമരാമത്ത് / ജലസേചന വകുപ്പുകളിലെ സെക്കന്റ് ഗ്രേഡ് ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ (സിവിൽ )(നേരിട്ടുള്ള നിയമനം -കാറ്റഗറി നമ്പർ 8/2024), ജലസേചന വകുപ്പിലെ സെക്കന്റ് ഗ്രേഡ് ഓവർസിയർ /ഡ്രാഫ്റ്റ്സ്മാൻ (സിവിൽ- പട്ടിക വർഗ്ഗക്കാർക്കു മാത്രം – കാറ്റഗറി നമ്പർ 293/2024), കേരള സംസ്ഥാന പട്ടിക ജാതി/ പട്ടിക വർഗ്ഗ വികസന കോർപ്പറേഷനിലെ ട്രേസർ, (നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്പർ – 736/2024) തസ്തികകളിലേക്കുള്ള പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത് . പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എന്നാൽ നാളെ നടത്താൻ നിശ്ചയിച്ചിരുന്ന പി എസ് സി അഭിമുഖങ്ങൾക്ക് മാറ്റം ഉണ്ടാകില്ല.
പ്രിയ സഖാവിനെ ഒരുനോക്ക് കാണാന്‍ ആയിരങ്ങളാണ് തിരുവനന്തപുരം ദർബാർ ഹാളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഐഎം നേതാക്കളും വി എസിന് അന്ത്യാഞ്ജലി അർപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരത്ത് നിന്ന് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം വൈകീട്ടോടെ വലിയ ചുടുകാട്ടില്‍ മൃതദേഹം സംസ്കരിക്കും.
വി എസിനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് പൊതു അവധിയാണ്.