കാസർകോട് കുമ്പളയിൽ യുവാവിനെ വെട്ടിക്കൊന്ന കേസിലെ പ്രതി പിടിയിൽ. ശാന്തിപ്പള്ളം സ്വദേശി ശ്രീകുമാറാണ് പിടിയിലായത്. കൊല്ലപ്പെട്ട ഹരീഷ് ജോലി ചെയ്തിരുന്ന മില്ലിലെ ഡ്രൈവറാണ് ശ്രീകുമാർ. തിങ്കളാഴ്ച രാത്രിയാണ് ഹരീഷിനെ നായ്ക്കാപ്പിൽ വെച്ച് വെട്ടിക്കൊന്നത്.
ഹരീഷ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെ ബൈക്ക് തടഞ്ഞ് നിർത്തിയാണ് വെട്ടിയത്. തലയിലും കഴുത്തിലുമാണ് വെട്ടേറ്റത്. ശരീരത്തിൽ പത്തിലേറെ വെട്ടുകളേറ്റതായി പോലീസ് പറയുന്നു.
അതിനിടെ പ്രതിയായ ശ്രീകുമാറിന്റെ രണ്ട് സുഹൃത്തുക്കളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. റോഷൻ, മണികണ്ഠൻ എന്നിവരെയാണ് വീടിന് സമീപത്തെ പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവർക്കും കൊലപാതകത്തിൽ പങ്കുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. അന്വേഷണം തങ്ങളിലേക്ക് എത്തുമെന്ന ഭീതിയിലാണ് ആത്മഹത്യയെന്ന് കരുതുന്നു.