Headlines

മാധ്യമങ്ങളെ തടഞ്ഞുവെച്ച് സിപിഐഎം പ്രവർത്തകർ; മേൽക്കൂര തകർന്ന് വീണ കാർത്തികപ്പള്ളി സ്കൂളിൽ മാധ്യമവിലക്ക്

മേൽക്കൂര തകർന്ന് വീണ ആലപ്പുഴ കാർത്തികപ്പള്ളി സർക്കാർ യുപി സ്കൂളിൽ നിന്ന് മാധ്യമങ്ങൾ സ്കൂളിന് പുറത്ത് പോകണമെന്ന് അധികൃതർ. പിടിച്ചിറക്കുമെന്ന് സിപിഐഎം പഞ്ചായത്തംഗത്തിന്റെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

സിപിഐഎം വാര്‍ഡ് അംഗം നിപുവിന്‍റെ നേതൃത്വത്തിലാണ് മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും തടയുകയും ചെയ്തത്. മാധ്യമങ്ങളെ പിടിച്ചിറക്കുമെന്ന് സിപിഐഎം പഞ്ചായത്ത്‌ അംഗം നിബു ഭീഷണിപ്പെടുത്തി. മാധ്യമങ്ങൾ സ്കൂളിൽ പ്രവേശിച്ചാൽ സ്കൂൾ പ്രവർത്തനം തടസപ്പെടുമെന്ന് വാദം.

ഇന്നലെ രാവിലെ പെയ്ത ശക്തമായ മഴയിലാണ് കെട്ടിടത്തിന്റെ മേൽക്കൂര തകർന്നത്.ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടമാണ് തകർന്നത്. അവധി ദിവസമായതിനാലാണ് വൻ ദുരന്തം ഒഴിവായത്. നാലാം ക്‌ളാസിന്റെ രണ്ട് ഡിവിഷനുകളും ഹെഡ് മാസ്റ്ററുടെ ഓഫീസും കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നതായി രക്ഷിതാക്കളും വിദ്യാർഥികളും പറയുന്നു. ഇന്ന് പുതിയ കെട്ടിടത്തില്‍ വെച്ച് ക്ലാസുകള്‍ നടക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെയാണ് അധികൃതര്‍ ഭീഷണിപ്പെടുത്തിയത്.

മേൽകൂര തകർന്ന് വീണ സംഭവത്തെ തുടർന്ന് പ്രതിഷേധം ശക്തമായതോടെയാണ് പുതിയ കെട്ടിടം തുറന്ന് കൊടുക്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ടത്. ഇന്നലെ രാത്രിയോടെ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്ന ജോലികൾ പൂർത്തിയാക്കിയിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് സ്കൂളിലേക് ഇന്ന് കെ എസ് യുവും, യൂത്ത്കോൺഗ്രസും മാർച്ച് നടത്തും.