Headlines

‘ഒരു ദേവാലയത്തിനും പണം മുടക്കാന്‍ സര്‍ക്കാരിന് അധികാരiമില്ല’; പൊതുമരാമത്ത് വകുപ്പിനും എച്ച് സലാം എംഎല്‍എയ്ക്കും പരോക്ഷ വിമര്‍ശനവുമായി ജി സുധാകരന്‍

പൊതുമരാമത്ത് വകുപ്പിനും എച്ച് സലാം എംഎല്‍എയ്ക്കുമെതിരെ പരോക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍. അമ്പലപ്പുഴ ക്ഷേത്രത്തില്‍ അമിനിറ്റി സെന്റര്‍ സ്ഥാപിക്കാന്‍ പൊതുമരാമത്ത് വകുപ്പ് പണം അനുവദിച്ചതിനെതിരെയാണ് വിമര്‍ശനം. ഒരു ദേവാലയത്തിനും പണം മുടക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് ജി സുധാകരന്‍ കുറ്റപ്പെടുത്തി.

അമ്പലങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡ് ഉണ്ട്. അവര്‍ക്ക് പൈസയുടെ കുറവുണ്ടെങ്കില്‍ സര്‍ക്കാരിനോട് ചോദിക്കാം. സര്‍ക്കാരിന് ദേവസ്വം ബോര്‍ഡിന് പണം കൊടുക്കാം. നേരിട്ട് ക്ഷേത്രത്തിന് പൈസ കൊടുക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. അമ്പലങ്ങള്‍ സ്ഥാപിക്കുന്നത് സര്‍ക്കാരിന്റെ ജോലിയാണോ? – അദ്ദേഹം ചോദിച്ചു.

കേരളത്തിലെ തന്നെ പ്രശസ്തമായ ഒരു ക്ഷേത്രം നമ്മുടെ ജില്ലയിലാണ്. ആ ക്ഷേത്രത്തിനകത്ത് ഡീലക്‌സ് മുറികള്‍ പണിയാന്‍ പോകുന്നു. എസി മുറികള്‍ വരുമ്പോള്‍ പിന്നെ എന്തൊക്കെ വരുമെന്ന് ഞാന്‍ നിങ്ങളോട് പറയേണ്ട കാര്യമില്ല. അമ്പലത്തില്‍ അതിന്റെ ആവശ്യമുണ്ടോ? ഈ ആറു കോടി രൂപയുണ്ടെങ്കില്‍ പള്ളിക്കൂടം പണിഞ്ഞു കൊടുത്തുകൂടെ. പാവപ്പെട്ടവന് വീട് കൊടുത്തുകൂടെ, റോഡ് പണിഞ്ഞുകൊടുത്തുകൂടെ. ഭരണഘടനാപരമായി ഒരു ദേവാലയത്തിലും പണം മുടക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. കാരണം, സര്‍ക്കാരിന് മതമില്ല – അദ്ദേഹം പറഞ്ഞു.