കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ്റെ അമ്മ സുജ നാട്ടിലെത്തി. കൊച്ചി വിമാനത്താവളത്തിലെത്തിയ സുജയെ കാത്ത് അടുത്ത ബന്ധുക്കളുണ്ടായിരുന്നു. അതിവൈകാരികമായ രംഗങ്ങളാണ് വിമാനത്താവളത്തിലുണ്ടായത്. ഇളയ മകനെ കെട്ടിപ്പിടിച്ച് സുജ പൊട്ടിക്കരഞ്ഞു. സുജയുമായുള്ള വാഹനം പൊലീസ് അകമ്പടിയോടെ കൊല്ലത്തെ വീട്ടിലേക്ക് യാത്ര തിരിച്ചു.
സ്വന്തം കുടുംബത്തെ നന്നായി നോക്കാനാണ് അമ്മ വിദേശത്തേക്ക് വീട്ടുജോലിക്ക് പോയത്. അവിടെ ജോലിചെയ്തിരുന്ന വീട്ടിലെ അംഗങ്ങൾക്കൊപ്പം തുർക്കിയിൽ വിനോദയാത്രയ്ക്ക് ഒപ്പം പോയ സമയത്താണ് മകന്റെ അപ്രതീക്ഷിത വിയോഗം അറിയുന്നത്.
താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആദ്യം സ്കൂളിലും പിന്നീട് വീട്ടിലും പൊതുദർശനത്തിന് വയ്ക്കും. വീട്ടിലെ ചടങ്ങുകൾക്ക് ശേഷം വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പിൽ ആണ് മിഥുന്റെ സംസ്കാരം.മന്ത്രിമാർ അടക്കമുള്ള ജനപ്രതിനിധികൾ സംസ്കാര ചടങ്ങുകൾക്കെത്തും.
ഇതിനിടെ കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ തുടർനടപടികൾ ഉണ്ടാകും. വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം അനുസരിച്ച് സ്കൂൾ പ്രധാനാധ്യാപികയെ ഇന്നലെ മാനേജ്മെൻറ് സസ്പെൻഡ് ചെയ്തിരുന്നു.സുരക്ഷാ വീഴ്ച സംബന്ധിച്ച് ഡി ഇ ഒയുടെ ചുമതല വഹിച്ചിരുന്ന എ ഇ ഒ ആൻറണി പീറ്ററിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ട്.ഇദ്ദേഹം ഉടൻ റിപ്പോർട്ട് സമർപ്പിച്ചേക്കും. നടപടി എടുക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ മാനേജ്മെന്റിനും നോട്ടീസ് നൽകി.