Headlines

എട്ടാം വിക്കറ്റ് നഷ്ടം, ക്രീസിൽ ബുംറയും ജഡേജയും, ഇന്ത്യ തോൽവിയിലേക്കോ?; ഇനി വേണ്ടത് 81 റൺസ്

ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയത്തിലേക്ക്. ഇന്ത്യക്ക് വേണ്ടത് 81 റണ്‍സും കൈയിലുള്ളത് രണ്ടു വിക്കറ്റുകളും. 193 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ അവസാന ദിനം ലഞ്ചിന് പിരിയുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സെന്ന നിലയിലാണ്. രവീന്ദ്ര ജഡേജയും (17) ജസ്പീത് ബുംറയുമാണ് ക്രീസിൽ. ഇനി ബാറ്റ് ചെയ്യാനുള്ളത് മുഹമ്മദ് സിറാജ് മാത്രമാണ്.

നാലിന് 58 എന്ന നിലയില്‍ ക്രീസിലെത്തിയ ഇന്ത്യക്ക് ഇന്ന് തുടക്കത്തില്‍ തന്നെ പന്തിന്റെ വിക്കറ്റ് നഷ്ടമായി. ആര്‍ച്ചറുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ബെന്‍ സ്റ്റോക്‌സ്, ബ്രൈഡണ്‍ കാര്‍സെ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

ഇന്ന് നാല് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. റിഷഭ് പന്ത് (9), കെ എല്‍ രാഹുല്‍ (39), വാഷിംഗ്ടണ്‍ സുന്ദര്‍ (0), നിതീഷ് കുമാര്‍ റെഡ്ഡി (13) എന്നിവരാണ് ഇന്ന് മടങ്ങിയത്. തലേ ദിവസം ക്രീസിലുണ്ടായിരുന്ന രാഹുലിനും ഇന്ന് അധികനേരം തുടരാന്‍ സാധിച്ചില്ല. സ്റ്റോക്‌സിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം.

നാലാം ദിനം വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ യശസ്വി ജയ്സ്വാളിന്റെ (0) വിക്കറ്റ് നഷ്ടമായിരുന്നു. പിന്നാലെ കരുണ്‍ നായര്‍ (14) റൺസെടുത്ത് മടങ്ങി. തുടര്‍ന്ന് ശുഭ്മാന്‍ ഗില്ലും (6) അതേ രീതയില്‍ പുറത്തായി. നൈറ്റ് വാച്ച്മാന്‍ ആകാശ് ദീപും (1) സ്റ്റോക്സിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു.

നേരത്തെ, ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ 192 റണ്‍സിന് പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ വാഷിംഗ്ടണ്‍ സുന്ദറാണ് തകര്‍ത്തത്. ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി . 40 റണ്‍സ് നേടിയ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.