താത്കാലിക വിസി നിയമനത്തിലെ ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ചാൻസലറുടെ നടപടികൾ നിയമവിരുദ്ധമാണെന്ന് തെളിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. കുറേക്കാലമായി സംസ്ഥാന സർക്കാർ പറയുന്ന കാര്യങ്ങൾ ശരിയാണെന്നാണ് കോടതി വിധികൾ സൂചിപ്പിക്കുന്നത്. വൈസ് ചാൻസലർമാരെ ഏകപക്ഷീയമായി ചാൻസലർ എന്ന നിലയിൽ ഗവർണർ നിയമിക്കുന്നത് തെറ്റാണെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു.
നിയമസഭ ഉണ്ടാക്കിയ നിയമങ്ങളെ ആധാരമാക്കിയാണ് സർവകലാശാലകൾ പ്രവർത്തിക്കുന്നതെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. സർവകലാശാലകളുമായി ബന്ധപ്പെട്ട് ചാൻസലർക്ക് അധികാരങ്ങളുണ്ട്. എന്നാൽ അധികാരപരിധിക്ക് അപ്പുറത്തേക്ക് പോകുന്നത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി. ഞാനാണ് എല്ലാത്തിന്റെയും അധികാരി എന്ന് വൈസ് ചാൻസിലർ എന്ന് പറയുന്നത് ശരിയല്ല.ഓരോ സംവിധാനത്തിനും അവരവരുടേതായ ചുമതലകൾ ഉണ്ടെന്ന് മന്ത്രി പറഞ്ഞു.
താത്കാലിക വിസി നിയമനത്തിൽ ഗവർണർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. താത്കാലിക വൈസ് ചാൻസലറെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ചാൻസലറായ ഗവർണർ നൽകിയ അപീലിലാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്. സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽ നിന്ന് വേണം നിയമനമെന്ന് ഹൈക്കോടതി സിംഗിൽ ബെഞ്ചിന്റെ ഉത്തരവാണ് ഗവർണർ ചോദ്യം ചെയ്തത്. ഇതാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്.