Headlines

‘കുര്യന്‍ സര്‍ സദുദ്ദേശ്യത്തോടെ ഉപദേശരൂപേണ പറഞ്ഞതാണ്’; പിജെ കുര്യനെ പിന്തുണച്ച് രമേശ് ചെന്നിത്തല

യൂത്ത് കോണ്‍ഗ്രസിനെതിരായ വിമര്‍ശനത്തില്‍ മുതിര്‍ന്ന നേതാവ് പിജെ കുര്യനെ പിന്തുണച്ച് രമേശ് ചെന്നിത്തല. പിജെ കുര്യന്‍ പറഞ്ഞതിനെ സദുദ്ദേശ്യത്തോടെ കാണുന്നുവെന്നും ആളില്ലാത്ത മണ്ഡലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ആളെ കൂട്ടണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കുര്യന്‍ സര്‍ മുതിര്‍ന്ന നേതാവാണ്. അദ്ദേഹം സദുദ്ദേശ്യത്തോടുകൂടി ഒരു ഉപദേശരൂപേണ പറഞ്ഞതാണ്. ആരെയും കുറ്റപ്പെടുത്തിയതല്ല. എല്ലാ പ്രവര്‍ത്തന രംഗത്തും യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസുമൊക്കെ എന്നദ്ദേഹം പറഞ്ഞതാണ്. ഞങ്ങള്‍ അതിനെ പൂര്‍ണമായും സദുദ്ദേശ്യത്തോടെ എടുക്കുന്നു അദ്ദേഹം പറഞ്ഞിട്ടുള്ള നല്ല കാര്യങ്ങള്‍ പരിശോധിച്ച് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ഒക്കെ നടപ്പാക്കും – ചെന്നിത്തല പറഞ്ഞു.

അതേസമയം, വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യനെതിരെ യൂത്ത് കോണ്‍ഗ്രസില്‍ പടയൊരുക്കം. സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്നാലെ പി ജെ കുര്യനെ വിമര്‍ശിച്ച് കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസിന്റെ സമരപോരാട്ടങ്ങള്‍ കണ്ണുതുറന്ന് കാണണമെന്ന് സംസ്ഥാന സെക്രട്ടറി പി എ നോബിള്‍ കുമാര്‍ ഫേസ്ബുക്കില്‍ വ്യക്തമാക്കി. ക്ഷുഭിത യൗവനത്തെ അല്ല വിവേകമുള്ള പ്രവര്‍ത്തകരെയാണ് യൂത്ത് കോണ്‍ഗ്രസിന് വേണ്ടതെന്ന് പത്തനംതിട്ട ജില്ലാ പ്രസിഡന്റ്.

കെപിസിസി അധ്യക്ഷനെയും യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കളെയും വേദിയിലിരുത്തിയായിരുന്നു പത്തനംതിട്ടയില്‍ ഡിസിസി സംഘടിപ്പിച്ച സമര സംഗമത്തില്‍ പിജെ കുര്യന്റെ രൂക്ഷ വിമര്‍ശനം. സംഘടനാ പ്രവര്‍ത്തനം ടിവിയില്‍ മാത്രം പോര.നാട്ടില്‍ ഇറങ്ങി ആളെ കൂട്ടണം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്റെ പേരെടുത്ത് പറഞ്ഞായിരുന്നു വിമര്‍ശനം. എസ്എഫ്ഐയുടെ സര്‍വ്വകലാശാല സമരത്തെ പ്രശംസിക്കാനും കുര്യന്‍ മറന്നില്ല. കുര്യന്റെ വിമര്‍ശനത്തിന് അതേ വേദിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മറുപടി. നല്‍കിയിരുന്നു. കുടുംബ സംഗമത്തില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ ഇല്ലെങ്കിലും തെരുവിലെ സമരങ്ങളില്‍ ആളുണ്ടെന്ന് രാഹുല്‍ പറഞ്ഞു.