Headlines

അമ്പലമുകൾ BPCL അപകടം; പുക ശ്വസിച്ചവർ ചികിത്സയിൽ തുടരുന്നു

കൊച്ചി അമ്പലമുകളിലെ കൊച്ചിന്‍ റിഫൈനറിയിലുണ്ടായ അപകടത്തിന് പിന്നാലെ പുക ശ്വസിച്ച 2 പേർ ഇപ്പോഴും ചികിത്സയിൽ. കോലഞ്ചേരി മെഡിക്കൽ ഹോസ്പിറ്റലിലാണ് ചികിത്സയിൽ കഴിയുന്നത്. ശ്വാസതടസവും ദേഹസ്വസ്ത്യവും ഉണ്ടായത്തിനെ തുടർന്നാണ് ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി ചികിത്സ തേടിയത് 30 ലധികം പ്രദേശവാസികളാണ്.

ബിപിസിഎൽ കൊച്ചിൽ റിഫൈനറിക്കകത്തെ ഹൈടെൻഷൻ ലൈനിലാണ് ഇന്നലെ തീപിടുത്തം ഉണ്ടായത്. അപകടത്തിന് പിന്നാലെ പ്രദേശത്താകെ പുകയും ദുർഗന്ധവുമുയർന്നു. പുക ശ്വസിച്ച പ്രദേശവാസികൾക്ക് ശ്വാസതടസ്സവും ദേഹാസ്വസ്ത്യവുമുണ്ടായി. അപകടത്തിൽ ബിപിസിഎൽ തൊഴിലാളികൾക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടായി. അപകടത്തിന് പിന്നാലെ റിഫൈനറിക്ക് മുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചു.

ബിപിസിഎൽ അധികൃതർ അപകട മുന്നറിയിപ്പ് നൽകിയില്ലെന്നും സുരക്ഷ മുൻകരുതലുകളിൽ വീഴ്ച സംഭവിച്ചുവെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.ബിപിസിഎൽ ഗേറ്റിന് മുന്നിലെ റോഡും പ്രതിഷേധക്കാർ ഉപരോധിച്ചു. പോഞ്ഞാശ്ശേരി- ചിത്രപ്പുഴ റോഡിൽ പ്രതിഷേധത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ബെന്നി ബെഹനാൻ എം പി,ഡെപ്യൂട്ടി കളക്ടർ തുടങ്ങിയർ നാട്ടുകാരുമായി ചർച്ച നടത്തിയ ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഇന്ന് ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ പ്രതിഷേധക്കാരും ബിപിസിഎൽ അധികൃതരുമായി ചർച്ച നടത്തും.