‘അടുത്ത വർഷം ബ്രിക്‌സ് അധ്യക്ഷ പദവിയിൽ ഇന്ത്യ മനുഷ്യത്വത്തിന് മുൻ തൂക്കം നൽകും’: നരേന്ദ്ര മോദി

അടുത്ത വർഷം ബ്രിക്‌സ് അധ്യക്ഷ പദവിയിൽ ഇന്ത്യ മനുഷ്യത്വത്തിന് മുൻ തൂക്കം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സഹകരണത്തിനും സുസ്ഥിരതയ്ക്കുമായി പ്രതിരോധശേഷിയും നവീകരണവും കെട്ടിപ്പടുക്കുക എന്നതായിരിക്കും ബ്രിക്‌സിന്റെ ലക്ഷ്യം.

വികസിത രാജ്യങ്ങളുടെ ആശങ്കകൾ ആകും പ്രധാന അജണ്ട. കാലാവസ്ഥാ വ്യതിയാനത്തിനും പരിസ്ഥിതി സുരക്ഷക്കും ഇന്ത്യ എല്ലായ്‌പ്പോഴും മുൻ‌ഗണന നൽകും. കൂട്ടായ പരിശ്രമങ്ങളിലൂടെ മാത്രമേ വെല്ലുവിളികളെ നേരിടാൻ കഴിയൂവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ “ആയുഷ്മാൻ ഭാരത്” ഇന്ത്യയിലാണ്. ഇത് 500 ദശലക്ഷത്തിലധികം ആളുകളുടെ ജീവനാഡിയായി മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.

മനുഷ്യര്‍ നേരിടുന്ന ഗുരുതര ഭീഷണിയാണ് ഭീകരവാദമെന്ന് ആഗോള ഭരണനിര്‍വഹണത്തെക്കുറിച്ചും സമാധാനത്തെയും സുരക്ഷയേയും കുറിച്ചും ഇന്നലെ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കവേ മോദി പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണവും അദ്ദേഹം പരാമര്‍ശിച്ചു. ആക്രമണം ഇന്ത്യക്കെതിരായത് മാത്രമായിരുന്നില്ലെന്നും മനുഷ്യകുലത്തിനെതിരേ ആകമാനമുണ്ടായ ആക്രമണമായിരുന്നെന്നും മോദി പറഞ്ഞു.

ഭീകരവാദത്തിനെതിരേ ആഗോളതലത്തില്‍ ശക്തമായ നടപടികള്‍ വേണമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ഭീകരവാദത്തിന് സഹായം നല്‍കുന്നവരെയും പ്രോത്സാഹനം നല്‍കുന്നവരെയും മറ്റ് സൗകര്യങ്ങളൊരുക്കുന്നവരെയും കര്‍ക്കശമായ രീതിയില്‍ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തെ കൈകാര്യം ചെയ്യുന്നതില്‍ ഇരട്ട നിലപാട് പാടില്ല. പഹല്‍ഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചതിന് ബ്രിക്‌സ് നേതക്കൾക്ക് നന്ദി അറിയിക്കുകയും ചെയ്‌തു.