കേരളത്തിൽ ആരോഗ്യ മേഖല മികച്ചതെങ്കിലും പ്രശ്നങ്ങൾ ഉണ്ട്; അത് പരിഹരിക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നത്, എം എ ബേബി

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം മറിഞ്ഞുണ്ടായ അപകടം നടക്കാൻ പാടില്ലാത്തതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി.അപകടം എന്തുകൊണ്ട് സംഭവിച്ചു എന്നത് കൃത്യമായി അന്വേഷിക്കണം. കേരളത്തിൽ ആരോഗ്യ മേഖല മികച്ചതെങ്കിലും എല്ലായിടത്തും ഉള്ളത് പോലെ ഒറ്റപ്പെട്ട പ്രശ്നങ്ങൾ ഉണ്ട്. അത് പരിഹരിക്കാനാണ് എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നതെന്ന് എം എ ബേബി പറഞ്ഞു.

ഈ വിഷയത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ് രാജിവെക്കേണ്ട ആവശ്യമില്ല. പല പ്രയാസങ്ങളിൽ ചിലതാണ് ഡോ. ഹാരിസ് തുറന്നു പറഞ്ഞിട്ടുള്ളത്. ഉദ്യോഗസ്ഥ തലത്തിലെ പ്രശ്നങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. അല്ലാതെ രാഷ്ട്രീയ നേത്യത്വത്തെ ഹാരിസ് വിമര്ശിച്ചിട്ടില്ലെന്നും ഡോക്ടർ മാതൃകാപരമായി പ്രവർത്തിക്കുന്നയാളാണെന്നും സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു.

അതേസമയം, മന്ത്രിമാർ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്ന സംഭവത്തെയും അദ്ദേഹം ന്യായീകരിച്ചു. ഏറ്റവും മികച്ച ചികിത്സ എവിടെ കിട്ടുമെന്നാണ് നാമെല്ലാം നോക്കുന്നത്. വിദേശത്ത് നിന്ന് ചികിത്സയ്ക്കായി കേരളത്തിലേക്ക് ആളുകൾ വരാറുണ്ട്. മറ്റെല്ലാ സംസ്ഥാനങ്ങളെക്കാളും കേരളത്തിലെ വിദ്യാഭ്യാസ ആരോഗ്യ രംഗം മികച്ചതാണ്. അതുകൊണ്ട് ചെറിയ സംഭവം എടുത്തുകൊണ്ട് ഒന്നും പാർവതീകരിക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.