കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെ ദുരവസ്ഥ; ടിബി യൂണിറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടം അപകടാവസ്ഥയില്‍

മെഡിക്കല്‍ കോളജ് ആശുപത്രിയായി ഉയര്‍ത്തുന്ന കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെ ടിബി യൂണിറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ ദുരവസ്ഥയില്‍. വിണ്ടു കീറി വീഴാറായ പഴയ കെട്ടിടത്തില്‍ ടാര്‍ പോളിന്‍ വച്ച് മേല്‍ക്കൂര മറച്ചാണ് ചികിത്സ. ഉപയോഗ ശൂന്യമായ കെട്ടിടമെന്ന് ബോര്‍ഡ് വച്ചിട്ടുണ്ടെങ്കിലും വര്‍ഷങ്ങളായി ജീവന്‍ പണയം വച്ചാണ് രോഗികളും ജീവനക്കാരും ഇവിടെ കഴിയുന്നത്.

നേരത്തെ യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പൊളിച്ചു. പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായിട്ടുമില്ല. ഇതോടെയാണ് അപകടാവസ്ഥയിലുള്ള കെട്ടിടത്തില്‍ താല്‍ക്കാലികമായി ടി ബി യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. താല്‍ക്കാലികം എന്ന് പറഞ്ഞ് ആരംഭിച്ച പ്രവര്‍ത്തനം, ഇപ്പോള്‍ എത്ര വര്‍ഷം പിന്നിട്ടു എന്നതിന് കണക്കില്ല.

പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കി ടിബി യൂണിറ്റ് മാറ്റി സ്ഥാപിക്കുമെന്ന് പറയാന്‍ തുടങ്ങിയിട്ടും കാലം കുറച്ചായി. ഫിസിക്കല്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍ലേക്കും ഡ്രഗ് സ്റ്റോറിലേക്കും പോകുന്നവരും ഇതിനടിയിലൂടെ ജീവന്‍ പണയം വെച്ച് വേണം യാത്ര ചെയ്യാന്‍.