പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 19 വര്‍ഷത്തോളം മാത്രം പഴക്കമുള്ള കെട്ടിടം ശോചനീയാവസ്ഥയില്‍. ഐസിയുവും വാര്‍ഡുകളും അടക്കം പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് പൊട്ടിപ്പൊളിഞ്ഞ അവസ്ഥയില്‍ തുടരുന്നത്. നാലു വര്‍ഷം മുന്‍പ് ബലക്ഷയം കണ്ടെത്തിയെങ്കിലും അറ്റകുറ്റപ്പണികള്‍ ആരംഭിച്ചത് ഈയിടെ മാത്രം. കഴിഞ്ഞമാസം ആരോഗ്യ മന്ത്രി നേരിട്ട് എത്തി കെട്ടിടത്തില്‍ നിന്ന് ആശുപത്രിയുടെ പ്രവര്‍ത്തനം മാറ്റുമെന്ന് പറഞ്ഞെങ്കിലും ഫലം ഉണ്ടായില്ല.
ജനറല്‍ ആശുപത്രി വളപ്പിലെ ബി ആന്‍ഡ് സി കെട്ടിടത്തിനാണ് ബലക്ഷയം. കോണ്‍ക്രീറ്റ് തൂണുകളില്‍ ദ്രവിച്ച കമ്പികള്‍ പുറത്തു കാണാം. അപകടാവസ്ഥയിലുള്ള ഈ നാലുനില കെട്ടിടത്തിലാണ് ഗൈനക്കോളജി, കുട്ടികളുടെ വാര്‍ഡ്, ഐസിയു ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്..
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കാര്‍ഡിയോളജി വിഭാഗം പ്രവര്‍ത്തിക്കുന്ന ബി ആന്‍ഡ് സി ബ്ലോക്കില്‍ മേല്‍ക്കൂര അടര്‍ന്നു വീണിരുന്നു. അന്ന് ഗര്‍ഭിണിയും ഭര്‍ത്താവും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പിന്നാലെ ഈ ഭാഗത്തേക്കുള്ള വഴി അടച്ചു. എന്നാല്‍ ശുചിമുറികള്‍ ഇവിടെ ആയതിനാല്‍ അങ്ങോട്ട് പോകാതിരിക്കാനും കഴിയില്ല.
കെട്ടിടം അപകടാവസ്ഥയില്‍ ആണെന്ന് കണ്ടെത്തിയതിന് പിന്നാലെ പുതിയ ബ്ലോക്കിന്റെ നിര്‍മ്മാണം സമീപത്ത് ആരംഭിച്ചിരുന്നു. എന്നാല്‍ എന്ന് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പുതിയ ബ്ലോക്കിലേക്ക് മാറാന്‍ ആകുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇവിടെ ഉണ്ടായിരുന്ന ഉപകരണങ്ങള്‍ കോന്നി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കഴിഞ്ഞമാസം ആരോഗ്യ മന്ത്രി ജനറല്‍ ആശുപത്രി സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. ആശുപത്രിയുടെ പ്രവര്‍ത്തനം കെട്ടിടത്തില്‍ നിന്ന് ഉടന്‍ മാറ്റുമെന്നും, അന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതുവരെ ഇത് സംബന്ധിച്ച ഉത്തരവുകള്‍ പുറത്തിറങ്ങിയിട്ടില്ല. സര്‍ക്കാര്‍ ഉത്തരവ് ഉണ്ടായാലേ മറ്റൊരിടത്തേക്ക് പ്രവര്‍ത്തനം മാറ്റാനാകൂ എന്നാണ് ആശുപത്രിയില്‍ സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്.