Headlines

‘കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് മറ്റൊരാളെയും കൊലപ്പെടുത്തി’; കൂടരഞ്ഞിയില്‍ കൊലപാതകം നടത്തിയെന്ന് കുറ്റസമ്മതം നടത്തിയ പ്രതി മറ്റൊരാളെക്കൂടി കൊന്നെന്ന് മൊഴി

കോഴിക്കോട് കൂടരഞ്ഞിയില്‍ കൊലപാതകം നടത്തിയെന്ന് കുറ്റസമ്മതം നടത്തിയ പ്രതി മറ്റൊരു കൊലപാതകം കൂടി നടത്തിയെന്ന് മൊഴി.ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

1989ല്‍ കൊല നടത്തിയെന്നാണ് മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദാലിയുടെ പുതിയ വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെയാണ് 1989 ലും കൊല നടത്തിയതായുള്ള മൊഴി. കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് ഒരാളെ കൊലപ്പെടുത്തി എന്നാണ് മൊഴി. സംഭവത്തില്‍ നടക്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു.

മലപ്പുറം വേങ്ങര സ്റ്റേഷനിലാണ് മുഹമ്മദലി കുറ്റസമ്മതം നടത്തിയത്. കൂടരഞ്ഞിയിലെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ താന്‍ കൊന്നതാണെന്നാണ് മുഹമ്മദലിയുടെ കുറ്റസമ്മതം. ശാരീരികമായി ഉപദ്രവിച്ചപ്പോള്‍ ചവിട്ടിയതാണെന്നും കൊല്ലണമെന്ന് ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും മൊഴിയില്‍ പറയുന്നു. മരിച്ച വ്യക്തിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

1986ലാണ് സംഭവം നടന്നത്. തന്നെ ശാരീരികമായി ഉപദ്രവിച്ചതിനെ തുടര്‍ന്ന് മുഹമ്മദലി ഒരാളെ ചവിട്ടി. ആ ആള്‍ തോട്ടില്‍ വീണു. രണ്ടു ദിവസം കഴിഞ്ഞ് മുഹമ്മദലി അറിയുന്നത് ഇയാള്‍ മരിച്ചു എന്നാണ്. പിന്നീട് മുഹമ്മദലി ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടു. 39 വര്‍ഷത്തിനിപ്പുറം ഈ സംഭവത്തില്‍ കുറ്റസമ്മത മൊഴി നല്‍കിയിരിക്കുകയാണ് മുഹമ്മദലി.മകന്‍ മരിച്ചതിന്റെ സങ്കടത്തിലാണ് ഇപ്പോള്‍ ഇത്തരത്തില്‍ മൊഴി നല്‍കിയത്.

ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ വേങ്ങര പോലീസ് അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ തിരുവമ്പാടി പൊലീസിന് കൈമാറുകയായിരുന്നു. കൂടരഞ്ഞിയിലെ തോട്ടിനടുത്ത് തെളിവെടുപ്പ് നടത്തി, അന്ന് ഒരാള്‍ തോട്ടില്‍ വീണു മരിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. പക്ഷേ ഇതുവരെയും ആ വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസകോശത്തില്‍ വെള്ളം കയറി മരിച്ചതാണ് വ്യക്തമാക്കുന്നത്. അസ്വാഭാവിക മരണമായിരുന്നു അന്ന് കേസെടുത്തത്.