Headlines

ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് അനുകൂല പ്രതികരണവുമായി ഹമാസ്

ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് അനുകൂല പ്രതികരണവുമായി ഹമാസ്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശമാണ് ഹമാസ് അംഗീകരിക്കുന്നത്. മധ്യസ്ഥ ചർച്ചകളിൽ പങ്കാളികളായ ഈജിപ്തിനെയും ഖത്തറിനെയും ഹമാസ് ഇക്കാര്യം അറിയിച്ചതായാണ് റിപ്പോർട്ട്. വെടിനിർത്തൽ നടപ്പാക്കുന്ന കാര്യത്തിൽ അടിയന്തിര ചർച്ചയ്ക്ക് തയ്യാറാണെന്ന് പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.

സ്രയേലും ഹമാസും തമ്മിൽ ഒരു ആഴ്ചയ്ക്കുള്ളിൽ വെടിനിർത്തൽ പ്രാവർത്തികമാവുമെന്ന് ഏതാനും ദിവസം മുമ്പ് ട്രംപ് പറഞ്ഞിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഓവൽ ഓഫീസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ട്രംപ് അപ്രതീക്ഷിതമായി ഗാസയിലെ വെടിനിർത്തലിനേക്കുറിച്ച് വ്യക്തമാക്കിയത്. വെടിനിർത്തൽ ഉടനുണ്ടാകുമെന്നും ബന്ധപ്പെട്ടവരുമായി താനിപ്പോൾ സംസാരിച്ചതേയുള്ളൂവെന്നാണ് ട്രംപ് മാധ്യമ പ്രവർത്തകരോട് അന്ന് പ്രതികരിച്ചത്.

60 ദിവസത്തെ വെടിനിർത്തൽ ഇസ്രയേൽ അംഗീകരിച്ചിരിക്കുന്നുവെന്നാണ് ട്രംപ് പിന്നീട് വിശദീകരിച്ചത്. “ഈ സമയത്ത് യുദ്ധം അവസാനിപ്പിക്കാൻ ഞങ്ങൾ എല്ലാ കക്ഷികളുമായും ചർച്ച ചെയ്യും. ഖത്തറിന്റെയും ഈജിപ്തിന്റെയും പ്രതിനിധികൾ ഈ അന്തിമ നിർദേശം ഹമാസിന് കൈമാറും. പശ്ചിമേഷ്യയുടെ നന്മയ്ക്കായി, ഹമാസ് ഈ കരാർ അംഗീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അല്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകുകയേയുള്ളൂ”- എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്.

എന്നാൽ ആരുമായാണ് ഇത് സംബന്ധിച്ച ച‍ർച്ചകൾ നടത്തിയതെന്ന് ട്രംപ് അന്ന് വിശദമാക്കിയില്ല. നിലവിൽ ഗാസയേക്കുറിച്ച് ഇത്തരത്തിലൊരു ചർച്ചകൾ ഒന്നും തന്നെ നടക്കാത്ത സാഹചര്യത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാൽ വെടിനിർത്തലിനുള്ള വ്യവസ്ഥകൾ ഇസ്രയേൽ അംഗീകരിച്ചതായി ട്രംപ് പറഞ്ഞ ശേഷവും ഗാസയിൽ ആക്രമണമുണ്ടായി. നിരവധി പലസ്നീകൾ കൊല്ലപ്പെടുകയും ചെയ്തു.