Headlines

ആരോഗ്യ രംഗത്തെ വെന്റിലേറ്ററിലാക്കിയ ആരോഗ്യമന്ത്രി രാജിവെച്ച് ഇറങ്ങിപ്പോകണം’; വി ഡി സതീശന്‍

കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം ഇടിഞ്ഞ് വീണ് സ്ത്രീ മരിക്കാനിടയായ സംഭവം ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരു രക്ഷാപ്രവര്‍ത്തനം അവിടെ നടന്നില്ല എന്നതാണ് ഏറ്റവും സങ്കടകരമായ സംഭവമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യ വകുപ്പ് മന്ത്രിയും സഹകരണ വകുപ്പ് മന്ത്രിയും സ്ഥലത്തെത്തി ആ കെട്ടിടം അടഞ്ഞു കിടക്കുന്ന കെട്ടിടമാണെന്നും അതിനകത്ത് ആരുമില്ലെന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചതിനാലാണ് രക്ഷാപ്രവര്‍ത്തനം നടക്കാതിരുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അവരത് പറഞ്ഞതിന്റെ പേരിലാണ് രക്ഷാപ്രവര്‍ത്തനം നടക്കാതെ പോയത്. ഇന്ന് രാവിലെ കൂടി ഉപോഗിക്കപ്പെട്ടിരുന്ന കെട്ടിടമാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. എന്തിന്റെ അടിസ്ഥാനത്തിലാണ് ഉപയോഗിക്കാത്ത കെട്ടിടമാണെന്നും കെട്ടിടത്തിനകത്ത് ആരുമില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞത് – പ്രതിപക്ഷ നേതാവ് ചോദിച്ചു.

ഒരു ജീവനാണ് നഷ്ടപ്പെട്ടതെന്നും രക്ഷാപ്രവര്‍ത്തനം നടത്താത്തതിന്റെ ഉത്തരവാദിത്തം മന്ത്രിമാര്‍ക്കാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ആരോഗ്യരംഗത്തെ വെന്റിലേറ്ററിലാക്കിയ ആരോഗ്യമന്ത്രിയാണിത്. മരുന്നില്ല, സര്‍ജിക്കല്‍ എക്യുപ്‌മെന്റ്‌സ് ഇല്ല, സ്റ്റാഫില്ല, ആരോഗ്യ രംഗം അലങ്കോലമാക്കി. മന്ത്രിയെ ഇതില്‍നിന്ന് ഒഴിവാക്കാന്‍ സാധിക്കില്ല. ഗുരുതരമായ തെറ്റാണ് ഉണ്ടാക്കിയിരിക്കുന്നത് – അദ്ദേഹം പറഞ്ഞു.

മന്ത്രി അന്വേഷിച്ചു വേണ്ടേ കാര്യം പറയാനെന്നും അദ്ദേഹം ചോദിച്ചു. ഉദ്യോഗസ്ഥന്മാര്‍ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങുകയാണോ ഒരു മന്ത്രി ചെയ്യേണ്ടത്. കിട്ടിയ തെറ്റായ വിവരം വെച്ച് രക്ഷാപ്രവര്‍ത്തനം ഇല്ലാതാക്കി. സാമാന്യ ബുദ്ധിയുള്ള ആരും പറയുന്നത് ആരെങ്കിലും ഉണ്ടോ എന്ന് നോക്കാന്‍. ഉപയോഗിക്കാത്ത കെട്ടിടം ആണെങ്കില്‍ എന്തിനാണ് അത് പൊളിക്കാതെ ഇട്ടിരിക്കുന്നത്. പൂട്ടിയിട്ടിരിക്കുന്ന കെട്ടിടത്തിനകത്ത് എങ്ങനെയാണ് ആള് കയറുന്നത്. ആരോഗ്യമന്ത്രിക്ക് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല – അദ്ദേഹം പറഞ്ഞു.
തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രണ്ടര മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇവരെ പുറത്തെടുക്കാനായത്. മകള്‍ക്ക് കൂട്ടിരിക്കാനാണ് ബിന്ദു മെഡിക്കല്‍ കോളജിലെത്തിയത്. ബിന്ദുവിന്റെ മകള്‍ ട്രോമാ കെയറില്‍ ചികിത്സയിലാണ്. ബിന്ദുവിനെ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുത്ത ശേഷം അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.