കണ്ണൂർ മാങ്ങാട്ടിടത്ത് കണ്ടെത്തിയ ബോംബുകൾ ഇന്ന് നിർവീര്യമാക്കും. പഴക്കമുള്ള സ്റ്റീൽ ബോംബുകളാണ് പൊലീസ് കണ്ടെത്തിയത്. അതിൽ രണ്ട് ബോംബുകൾ മരത്തിന്റെ വേരുകൾ പടർന്നുപിടിച്ച് മൂടിയ നിലയിലായിരുന്നു. ബോംബുകളുടെ സ്ഫോടന ശേഷിയെത്രയെന്ന് ബോംബ് സ്‌ക്വാഡ് പരിശോധിക്കും.
നേരത്തെ തയ്യാറാക്കി ഒളിപ്പിച്ച ബോംബുകൾ പിന്നീട് ഉപേക്ഷിച്ചതാവാം എന്നാണ് പൊലീസിന്റെ നിഗമനം. സ്ഥലം ഉടമയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഉപ്പില പീടിക സ്വദേശി പ്രകാശന്റെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ പറമ്പിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാരുന്നു ആറ് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്.
രഹസ്യ വിവരത്തെത്തുടർന്ന് കൂത്തുപറമ്പ് പൊലീസ് നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തുകയും ബോംബ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.