1977 ൽ പിണറായി നിയമസഭയിലെത്തിയതും ആർഎസ്എസ് പിന്തുണയോടെയാണ്, മുഖ്യമന്ത്രി ചരിത്രം മറക്കരുതെന്ന് കെസി വേണുഗോപാല്‍

ആര്‍എസ്എസുമായി സിപിഐഎം കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. 1977 ൽ പിണറായി നിയമസഭയിലെത്തിയതും ആർ എസ് എസ് പിന്തുണയോടെയാണ്.ശിവദാസ മേനോന്‍റെ പ്രചാരണ പരിപാടിയിൽ അദ്വാനി പങ്കെടുത്തതും ചരിത്രമാണ്.

അടിയന്തരാവസ്ഥയിൽ ജനസംഘവും ആർ എസ് എസുമായുള്ള സഹകരണം പാർട്ടിക്ക് വലിയ ദോഷമുണ്ടാക്കുമെന്ന സുന്ദരയ്യയുടെ രാജിക്കത്തിലെ വരികൾ അദ്ദേഹം മുഖ്യമന്ത്രിയെ ഓർമ്മപ്പെടുത്തി.കണ്ണടച്ചാൽ ചരിത്രം ഇല്ലാതാകുന്നില്ല.

1989 ൽ കോൺഗ്രസിനെ അട്ടിമറിക്കാൻ സി പി എം നേതാക്കൾ വി.പി സിംഗിനൊപ്പം പ്രവർത്തിച്ചതും ചരിത്രം.ഗവർണ്ണറെ വിമർശിച്ച സി പി ഐ യെ ഒറ്റപ്പെടുത്തി.ഗവർണ്ണറെയോ, രാജ്ഭവനെയോ വേദനിപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല.പാർട്ടി സെക്രട്ടറിക്ക് നാക്ക് പിഴ സംഭവിച്ചതല്ല.വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെ പ്രീണന ശ്രമമാണ് പുറത്ത് വന്നത്.ഗതികേടിന്‍റെ മുഖമാണ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ കണ്ടതെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.